മസ്കത്ത്: പ്രതികൂലമായ കാര്യങ്ങളാണ് ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്നതെന്ന് സാഹിത്യകാരൻ കെ.പി. രാമനുണ്ണി. മറ്റുള്ളവെൻറ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നതാണ് പ്രബുദ്ധതയെന്ന് വിശ്വസിക്കുന്ന കാലമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമം റീഡേഴ്സ് ക്ലബ് മസ്കത്ത് സംഘടിപ്പിച്ച പരിപാടിയിൽ വർത്തമാന കാലവും മാധ്യമങ്ങളും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു രാമനുണ്ണി.
പഴയകാലത്ത് ഭൂരിപക്ഷവും, ന്യൂനപക്ഷവും തമ്മിൽ ഹൃദ്യമായ ബന്ധവും നല്ല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇന്ന് അക്കാലത്തെ മോശം കാര്യങ്ങൾ മാത്രമാണ് ചർച്ച ചെയ്യപ്പെടുന്നത്. എവിടെയും മോശം കാര്യം മാത്രം റിപ്പോർട്ട് ചെയുമ്പോൾ വായനക്കാരനും ഒരു വ്യക്തിയുടെ മോശം കാര്യങ്ങളിലേക്കും സ്വകാര്യതയിലേക്കും ഒളിഞ്ഞുനോക്കാനുള്ള ത്വര ഉണ്ടാകുന്നു. പ്രാഥമികമായ സ്ത്രീ പുരുഷബന്ധം പോലും ഇന്ന് മാധ്യമ വാർത്തയാകുന്നു.
ഇന്ന് കുട്ടികൾക്ക് ബന്ധങ്ങൾ പോലും ഭയമാകുന്നു. ചെറിയച്ഛൻ, അമ്മാവൻ, അച്ചാച്ചൻ തുടങ്ങിയ ശക്തവും വൈകാരികവുമായ ബന്ധങ്ങൾ പോലും കുട്ടികൾക്ക് ഇല്ലാതാകുന്നു.
ഒറ്റപ്പെട്ടു നടക്കുന്ന മോശം കാര്യങ്ങളെ, ഇന്ന് കേരളത്തിലെ എല്ലാ കുടുംബങ്ങളിലും നടക്കുന്നതാണെന്ന വിധത്തിൽ വാർത്ത കൊടുക്കുമ്പോൾ അങ്ങ് തുഞ്ചൻ പറമ്പിൽ നടന്ന മഹാ സാഹിത്യ സമ്മേളനം പോലും മാധ്യമങ്ങൾ വേണ്ടത്ര ചർച്ച ചെയ്തില്ല.
ഇന്ന് മാധ്യമങ്ങൾക്ക് താൽപര്യം സാമ്പത്തികം മാത്രമാണ്. പണം എറിയുന്ന കോർപറേറ്റുകൾക്ക് ഒപ്പമാണ് അവർ നിൽക്കുന്നത്. അതുകൊണ്ടുതന്നെ കള്ളന്മാരും ഒറ്റുകാരും മാധ്യമ പ്രവർത്തകർ ആയി. ഫാഷിസ്റ്റുകൾ അധികാരത്തിൽ ഇരിക്കുന്നതിന് കാരണം ഇതുകൂടിയാണ്. ഒരു വിഭാഗത്തെ സംശയത്തിെൻറ മുനയിൽ നിർത്തുകയാണ് മാധ്യമ അജണ്ട. കാര്യങ്ങൾ വസ്തുനിഷ്ഠമായി പറയുന്നത് തങ്ങളെ എങ്ങനെ ബാധിക്കുമെന്നതാണ് മാധ്യമങ്ങൾ നോക്കുക. മനുഷ്യൻ എന്നാൽ തിന്മയും ഹിംസയും ചെയ്യേണ്ടവൻ ആണെന്നാണ് ഇന്ന് പഠിപ്പിക്കുന്നത്. ഇന്ന് കുട്ടികളിൽ പോലും മൂല്യം ഇല്ലാതെ പോകുന്നു.
കുട്ടികളിൽ വസ്തുതകൾ അടിച്ചേൽപ്പിക്കുന്നു. മാധ്യമങ്ങൾ ദുഷിച്ചാൽ എല്ലാം ദുഷിക്കും. വെല്ലുവിളികൾ ഏറെ ഉണ്ടായിട്ടും മാധ്യമം പത്രം മൂല്യങ്ങൾക്കുേവണ്ടി നിലകൊള്ളുന്നത് ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂല്യം ഇല്ലാതാകാൻ കാരണം മൂല്യങ്ങൾ ഉൽപാദിപ്പിക്കുന്ന സാഹചര്യം ഇല്ലാതാകുന്നതാണെന്ന് ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ വിൽസൺ.വി.ജോർജ് പറഞ്ഞു.
ഇന്ന് ഇല്ലാത്ത പ്രശസ്തി ഉണ്ടാക്കാനും അതുപോലെ തകർക്കാനും മാധ്യമങ്ങൾക്ക് കഴിയും. മാധ്യമങ്ങളെ കുറിച്ചുള്ള പ്രതീക്ഷ അവർ സത്യം പറയും എന്നതാണ്. എന്നാൽ, ഇന്ന് അവരും കച്ചവടവത്കരിക്കപ്പെട്ടതോടെ എല്ലാം ഉടമസ്ഥ താൽപര്യം ആയിരിക്കുന്നുവെന്നും വിൽസൺ ജോർജ് അഭിപ്രായപ്പെട്ടു.
മാധ്യമങ്ങൾ സെക്കുലർ മനസ്സിലൂടെ കാര്യങ്ങൾ വിലയിരുത്തണമെന്നും വിവരങ്ങൾ ശരിയായ രീതിയിൽ അറിയിക്കുകയാണ് മാധ്യമ ധർമമെന്നും ഒ.ഐ.സി.സി. അധ്യക്ഷൻ സിദ്ദിഖ് ഹസൻ അഭിപ്രായപ്പെട്ടു. മാധ്യമങ്ങൾ തെറ്റായി കാര്യങ്ങൾ പറയുമ്പോൾ, അക്കാര്യം തെറ്റായി വായനക്കാരെൻറ മനസ്സിൽ കിടക്കുന്നു.
ഒരു വാർത്തയിലൂടെ ഉണ്ടാകുന്ന തെറ്റിദ്ധാരണ അല്ലെങ്കിൽ മാനഹാനി ഒരു തിരുത്തിലൂടെ മാറ്റാൻ കഴിയില്ലെന്ന് സിദ്ദീഖ് ഹസൻ കൂട്ടിച്ചേർത്തു. പച്ചയായ സത്യങ്ങൾ തുറന്നുപറയേണ്ട കാലത്താണ് നാം ജീവിക്കുന്നതെങ്കിലും സത്യങ്ങൾ വളച്ചൊടിക്കപ്പെടുന്നതായി വെൽഫെയർ പാർട്ടിയെ പ്രതിനിധാനംെചയ്ത് സംസാരിച്ച അസീസ് വയനാട് പറഞ്ഞു. ആരൊക്കെയോ തീരുമാനിക്കുന്ന അജണ്ടകൾ വാർത്തകൾ ആകുന്നു.
സത്യം തുറന്നുകാട്ടാൻ മാധ്യമങ്ങൾ ആർജവം കാണിക്കണമെന്നും അസീസ് വയനാട് കൂട്ടിച്ചേർത്തു. മാധ്യങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുമ്പോൾ അതിെൻറ വസ്തുത എന്താണ് എന്ന് മനസ്സിലാക്കാനുള്ള സാഹചര്യം ഉണ്ടാകുന്ന കാലം വരണമെന്ന് മലയാളം മിഷൻ സൂർ കോഒാഡിനേറ്റർ ഹസ്ബുള്ള ഹാജി അഭിപ്രായപ്പെട്ടു. കോർപറേറ്റുകൾ ഭരിക്കുന്ന ലോകത്ത് ഇന്ന് മാധ്യമങ്ങൾക്ക് പ്രത്യേക താൽപര്യമുെണ്ടന്ന് മാധ്യമം രക്ഷാധികാരി മുനീർ വരന്തരപ്പിള്ളി ഉപസംഹാര പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. പാർക്വേ ഹോട്ടലിൽ നടന്ന ചടങ്ങിൽ എം.എ.കെ ഷാജഹാൻ അധ്യക്ഷത വഹിച്ചു. ഹുസൈൻ സ്വാഗതവും ഷൈജു സലാഹുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.