വീണ്ടും മഴ വരുന്നു;  നാളെ മുതല്‍ ശക്തമാകും

മസ്കത്ത്: ഒമാന്‍െറ വടക്കന്‍ മേഖലയില്‍ തിങ്കളാഴ്ച മുതല്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച വരെ മഴ തുടരും. ഏറ്റവും പുതിയ കാലാവസ്ഥാ നിരീക്ഷണ റിപ്പോര്‍ട്ടനുസരിച്ച് അല്‍ ഹജര്‍ പര്‍വതനിരകളില്‍ ഞായറാഴ്ച വൈകുന്നേരം മുതല്‍ തന്നെ മഴ ആരംഭിക്കും. വടക്കന്‍ ഒമാനിന്‍െറ വിവിധ ഭാഗങ്ങളില്‍ ശക്തമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു. ഒമാനിലും യു.എ.ഇയിലും തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വെബ്സൈറ്റായ അക്യുവെതറും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  കനത്ത മഴ ഇരു രാജ്യങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമാക്കുമെന്നും അദ്ദേഹം പറയുന്നു. പ്രദേശത്ത് അനുഭവപ്പെടുന്ന ന്യൂനമര്‍ദമാണ് മഴക്കും കാലാവസ്ഥാ വ്യതിയാനത്തിനും കാരണം. ഞായറാഴ്ച വൈകുന്നേരത്തോടെ അല്‍ ഹജര്‍ പര്‍വതനിരകളില്‍ ആരംഭിക്കുന്ന മഴ വടക്കന്‍ ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത. പല ഭാഗത്തും ഇടിമിന്നലോടെയുള്ള  മഴയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിലുണ്ട്. ന്യൂനമര്‍ദം കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടാനും ഇടിമിന്നലിനും കാരണമാക്കുമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മഴയോടൊപ്പം കാറ്റും ആലിപ്പഴ വര്‍ഷവും അനുഭവപ്പെടാനും സാധ്യതയുണ്ട്. വാദികള്‍ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. മസ്കത്ത്, മുസന്ദം, ബുറൈമി, ദാഖിറ, തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന, ദാഖിലിയ്യ, തെക്കന്‍ ശര്‍ഖിയ്യ, വടക്കന്‍ ശര്‍ഖിയ്യ, വുസ്ത എന്നിവിടങ്ങളിലാണ് ശക്തമായ മഴക്ക് സാധ്യത. വാദികള്‍ നിറഞ്ഞ് കവിയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ വാദിയില്‍ ഇറക്കരുതെന്നും വേണ്ടത്ര ജാഗ്രത പാലിക്കണമെന്നും അറിയിപ്പിലുണ്ട്. മഴയുണ്ടാവുമ്പോഴും മറ്റും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തണം. കടല്‍ പ്രക്ഷുബ്ധമാവാനും തിരമാലകള്‍ ഉയര്‍ന്നുപൊങ്ങാനും സാധ്യതയുള്ളതിനല്‍ കടലില്‍ ഇറങ്ങരുത്. തിരമാലകള്‍ ഉയര്‍ന്നുപൊങ്ങാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍ പിടിത്തക്കാര്‍ കടലില്‍ പോവരുത്. മുസന്ദം അടക്കമുള്ള ചില ഭാഗങ്ങളില്‍ തിരമാലകള്‍ രണ്ട് മുതല്‍ മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ പൊങ്ങാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. താമസക്കാര്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അനുസരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ചയും ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തിരുന്നു. മസ്കത്ത് അടക്കമുള്ള പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയാണ് ലഭിച്ചത്. മുസന്ദമിലാണ് ഏറ്റവും കൂടുതല്‍ മഴയുണ്ടായത്. മഴ കാരണം ഖുറിയാത്ത് അടക്കമുള്ള ഡാമുകളില്‍ കൂടുതല്‍ ജലം ഒഴുകിയത്തെിയിരുന്നു. കഴിഞ്ഞ ആഴ്ച മഴ ലഭിച്ചത് നഖല്‍ അടക്കമുള്ള പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ഏറെ അനുഗ്രഹമായി. സന്തോഷത്തോടെയാണ് അവര്‍ മഴയെ സ്വീകരിച്ചത്. എന്നാല്‍, കൂടുതല്‍ മഴ ലഭിക്കുന്നത് കൃഷിയെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. ഈന്തപ്പനകള്‍ പൂക്കാനടുക്കുന്ന കാലമായതിനാല്‍ ഇപ്പോള്‍ ലഭിക്കുന്ന മഴ വിളവ് വര്‍ധിക്കാന്‍ സഹായിക്കും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.