മലയാളി പെട്രോള്‍ പമ്പ്  ജീവനക്കാരനെ കണ്ടത്തെിയില്ല

മസ്കത്ത്: കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടുപോയതെന്ന് കരുതപ്പെടുന്ന മലയാളി പെട്രോള്‍ പമ്പ് ജീവനക്കാരനെ കണ്ടത്തെിയില്ല. മസ്കത്തില്‍നിന്ന് നാനൂറോളം കിലോമീറ്റര്‍ ദൂരെ ഇബ്രി-ബുറൈമി റോഡില്‍ സനീനയിലെ അല്‍ മഹാ പെട്രോള്‍ പമ്പിലെ സൂപ്പര്‍വൈസറായ കോട്ടയം മണര്‍കാട് സ്വദേശി ജോണ്‍ ഫിലിപ്പിനെയാണ് വെള്ളിയാഴ്ച രാത്രി മുതല്‍ കാണാതായത്. പമ്പിലെയും തൊട്ടുചേര്‍ന്നുള്ള കടയിലെയും കലക്ഷന്‍ തുകയായ അയ്യായിരത്തോളം റിയാലും നഷ്ടമായിട്ടുണ്ട്. ജോണും ബാബു എന്ന മലയാളിയും ഒരു സ്വദേശിയുമാണ് ഇവിടെ ജോലിക്കുള്ളത്. സ്വദേശി റമദാന്‍ പ്രമാണിച്ച് അവധിയായതിനാല്‍ ഉച്ചക്കുശേഷം ജോണ്‍ മാത്രമാണ് ഡ്യൂട്ടിക്കുണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രി 9.40ഓടെയാണ് ജോണ്‍ പമ്പ് അടച്ചതെന്നാണ് രേഖകള്‍ കാണിക്കുന്നതെന്ന് സഹപ്രവര്‍ത്തകന്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ ജോലിക്കത്തെിയ ബാബു ഓഫിസ് തുറന്നുകിടക്കുന്നതുകണ്ട് ഹഫീത്തിലെ പമ്പിലത്തെി വിവരമറിയിക്കുകയായിരുന്നു. ഓഫിസ് മുറിയില്‍ പിടിവലി നടന്നതിന്‍െറ അടയാളങ്ങളില്ല. 
തറയില്‍ ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് തുടച്ച നിലയില്‍ രക്തത്തുള്ളികള്‍ കണ്ടത്തെിയിട്ടുണ്ട്. കണക്കുകള്‍ എഴുതാന്‍ ഉപയോഗിക്കുന്ന പാഡ് രണ്ടായി മുറിഞ്ഞും കിടക്കുന്നുണ്ട്. പമ്പിലെ സി.സി.ടി.വി കാമറകളുടെ ഹാര്‍ഡ് ഡിസ്ക്കും നഷ്ടമായതിനാല്‍ ഇത് ആസൂത്രിത കവര്‍ച്ചയാണെന്നാണ് നിഗമനം. ജോണിന്‍െറ കാര്‍, ലേബര്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ പമ്പില്‍ തന്നെയുണ്ടായിരുന്നു. വിളിക്കാനായി ഉപയോഗിക്കുന്ന ഫോണ്‍ നഷ്ടമായിട്ടുണ്ട്. സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പരിശോധനകളുടെയും തെളിവെടുപ്പിന്‍െറയും ഭാഗമായി പമ്പ് അടച്ചിട്ടിരിക്കുകയാണ്. പമ്പിന് അടുത്തുള്ള ജോണിന്‍െറ താമസസ്ഥലത്തും പരിശോധന നടത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.