ഒമാന്‍െറ ബജറ്റ് കമ്മി രണ്ടര ശതകോടി റിയാലായി

മസ്കത്ത്: എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള വരുമാന നഷ്ടത്തിന്‍െറ ഫലമായി ഒമാന്‍െറ ബജറ്റ് കമ്മിയില്‍ വര്‍ധന. ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെയുള്ള അഞ്ചുമാസ കാലയളവില്‍ 2.54 ശതകോടി റിയാലിന്‍െറ ബജറ്റ് കമ്മിയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞവര്‍ഷം സമാന കാലയളവില്‍ ഇത് 1.6 ശതകോടി റിയാലായിരുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 59 ശതമാനത്തിന്‍െറ വര്‍ധനവാണ് ഈ വര്‍ഷം കമ്മിയില്‍ ഉണ്ടായതെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നു. സര്‍ക്കാറിന്‍െറ ചെലവുചുരുക്കല്‍ നടപടികളുടെ ഫലമായി പൊതുചെലവില്‍ എട്ടു ശതമാനത്തിന്‍െറ കുറവുമുണ്ടായിട്ടുണ്ട്.
ആദ്യ അഞ്ചുമാസ കാലയളവിലെ മൊത്തം വരുമാനത്തില്‍ 1.07 ശതകോടി റിയാലിന്‍െറ അഥവാ 28 ശതമാനത്തിന്‍െറ കുറവുണ്ടായി. 2.78 ശതകോടി റിയാലാണ് വരുമാനം. മൊത്തം ചെലവ് കഴിഞ്ഞവര്‍ഷത്തെ 4.8 ശതകോടി റിയാലില്‍നിന്ന് 4.43 ശതകോടി റിയാലായി കുറയുകയും ചെയ്തു. ഈ വര്‍ഷം ബജറ്റ് പ്രഖ്യാപന വേളയില്‍ 3.3 ശതകോടി റിയാലാണ് പ്രതീക്ഷിത കമ്മിയെന്നാണ് ധനകാര്യമന്ത്രി അറിയിച്ചിരുന്നത്.
കഴിഞ്ഞവര്‍ഷം നാലര ശതകോടി റിയാലായിരുന്നു കമ്മി. പൊതുചെലവില്‍ കുറവ് വരുത്തിയും സബ്സിഡികളും മറ്റും കുറച്ചും ഈ കമ്മി മറികടക്കാന്‍ ശ്രമിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, എണ്ണവില പ്രതീക്ഷിച്ച ഉയരങ്ങളിലേക്ക് എത്താത്ത സാഹചര്യത്തില്‍ ആദ്യ അഞ്ചുമാസ കാലയളവില്‍തന്നെ ബജറ്റ് കമ്മി പ്രതീക്ഷിത തുകയുടെ 75 ശതമാനവും കവിഞ്ഞിരിക്കുകയാണ്. മേയ്വരെയുള്ള എണ്ണവരുമാനത്തില്‍ 44.7 ശതമാനത്തിന്‍െറ കുറവാണ് ഉണ്ടായത്.
കഴിഞ്ഞവര്‍ഷം 2.32 ശതകോടി റിയാലായിരുന്ന എണ്ണ വരുമാനം 1.29 ശതകോടി റിയാലായാണ് കുറഞ്ഞത്. പ്രകൃതിവാതകത്തില്‍നിന്നുള്ള വരുമാനം എട്ടു ശതമാനം കുറഞ്ഞ് 546.2 ദശലക്ഷം റിയാലായി. ഈ വര്‍ഷം ആദ്യ പകുതിയില്‍ എണ്ണ ഉല്‍പാദനം 3.1 ശതമാനം വര്‍ധിച്ച് പ്രതിദിനം പത്തു ലക്ഷം ബാരല്‍ എന്ന തോതില്‍ എത്തിയെങ്കിലും എണ്ണവില ശരാശരി 35 ഡോളര്‍ എന്ന നിലവാരത്തില്‍ തുടരുകയാണ്.
കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 59.3 ഡോളറായിരുന്നു ശരാശരി എണ്ണവില. കസ്റ്റംസ് ഡ്യൂട്ടിയില്‍നിന്നുള്ള വരുമാനം ആദ്യ അഞ്ചുമാസത്തില്‍ 135 ശതമാനം വര്‍ധിച്ച് 176.7 ദശലക്ഷം റിയാലായി. അതേസമയം, വരുമാന നികുതിയാകട്ടെ 13.39 ശതമാനം കുറഞ്ഞ് 319.8 ദശലക്ഷം റിയാലായി. മറ്റു സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനമാകട്ടെ എട്ടുശതമാനം കുറഞ്ഞ് 450 ദശലക്ഷം റിയാലുമായി.
എണ്ണവിലയിടിവിന്‍െറ ഫലമായി ഈ വര്‍ഷവും അടുത്ത വര്‍ഷവും ഒമാന്‍െറ ബജറ്റ് കമ്മി മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 12 ശതമാനമായി ഉയരുമെന്നാണ് പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ എസ് ആന്‍ഡ് പിയുടെ കണക്കുകള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.