ചെലവുചുരുക്കല്‍:  മന്ത്രാലയങ്ങള്‍ ലയിപ്പിക്കണമെന്ന് ശൂറാ കമ്മിറ്റി നിര്‍ദേശം 

മസ്കത്ത്: എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും തമ്മില്‍ ലയിപ്പിക്കണമെന്ന് ശൂറാ കൗണ്‍സില്‍ പ്രത്യേക കമ്മിറ്റിയുടെ നിര്‍ദേശം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഓണററി സൂപ്പര്‍വൈസറി തസ്തിക നിര്‍ത്തലാക്കണമെന്നും എണ്ണവിലയിടിവിന്‍െറ ആഘാതത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റി നിര്‍ദേശിച്ചതായി ഗള്‍ഫ്ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികള്‍ക്കുള്ള സബ്സിഡി ഒഴിവാക്കണം. എല്ലാ ചെലവഴിക്കലുകളും കാര്യകാരണസഹിതം വിലയിരുത്തണം. ആവശ്യത്തിന് മാത്രമേ ചെലവഴിക്കുന്നുള്ളൂ എന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. മന്ത്രാലയങ്ങളും വിവിധ വകുപ്പുകളും ഏകോപിപ്പിക്കുന്നതുവഴി ദശലക്ഷക്കണക്കിന് റിയാല്‍ ലാഭിക്കാന്‍ കഴിയുമെന്ന് ശൂറാ കൗണ്‍സില്‍ കമ്മിറ്റി മേധാവി തൗഫീഖ് അല്‍ ലവാത്തി പറഞ്ഞു. ഇതുവഴി നടപടിക്രമങ്ങളിലെ സങ്കീര്‍ണത കുറയുകയും ഉല്‍പാദനക്ഷമത വര്‍ധിക്കുകയും ചെയ്യും. സാമ്പത്തിക ഞെരുക്കത്തിന്‍െറ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ യുക്തിപരമായി മാത്രമേ ചെലവഴിക്കാന്‍ പാടുള്ളൂ. ബുദ്ധിമുട്ടേറിയ ഈ സമയത്ത് സര്‍ക്കാറിനുള്ള പിന്തുണയായി ത്യാഗം അനുഭവിക്കാന്‍ ഒമാനി പൗരന്മാരും തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പതിനേഴോളം മന്ത്രാലയങ്ങളും വിവിധ അതോറിറ്റികളും തമ്മില്‍ ലയിപ്പിച്ച് പുതിയ മന്ത്രാലയങ്ങളും ഭരണസംവിധാനങ്ങളും രൂപവത്കരിക്കുകയാണ് വേണ്ടത്. മസ്കത്ത്, സൊഹാര്‍, ദോഫാര്‍ നഗരസഭകള്‍ മുനിസിപ്പാലിറ്റീസ് ആന്‍ഡ് എന്‍വയണ്‍മെന്‍റ് മന്ത്രാലയത്തിന് കീഴിലാക്കണമെന്നതാണ് നിര്‍ദേശത്തില്‍ പ്രധാനം. എണ്ണ, പ്രകൃതിവാതക മന്ത്രാലയവും പബ്ളിക് അതോറിറ്റി ഫോര്‍ മൈനിങ്ങും ലയിപ്പിച്ച് എണ്ണ, ഖനന മന്ത്രാലയം രൂപവത്കരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.