ഒമാനും ഇറാനും സാമ്പത്തിക, വ്യാപാര  മേഖലകളിലെ സഹകരണം വിപുലമാക്കും

മസ്കത്ത്: സാമ്പത്തിക, വ്യാപാര മേഖലകളില്‍ വര്‍ധിത സഹകരണത്തിന് ഒമാനും ഇറാനും ധാരണയായി. ഇറാനില്‍ സന്ദര്‍ശനം നടത്തുന്ന ഒമാന്‍ വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി പ്രസിഡന്‍റ് ഹസന്‍ റൂഹാനിയടക്കം വിവിധ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് അന്തിമരൂപമായത്. 
സൗഹൃദത്തിലും സാഹോദര്യത്തിലും പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമാണ് ഒമാനും ഇറാനും തമ്മിലുള്ള ബന്ധമെന്ന് ഞായറാഴ്ച യൂസുഫ് ബിന്‍ അലവിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി പറഞ്ഞു. 
ഉപരോധം നീക്കിയതിന്‍െറ സാമ്പത്തിക സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഇരു രാജ്യങ്ങളും തയാറാകണം. ഇരു രാഷ്ട്രങ്ങളിലെയും സ്വകാര്യ മേഖലകളില്‍ നിക്ഷേപം നടത്തുക വഴി വളര്‍ച്ച നേടാം. തുറമുഖങ്ങള്‍, വ്യോമയാന മേഖല, റെയില്‍-റോഡ് ഗതാഗതം, ബാങ്കിങ് തുടങ്ങിയ മേഖലകളില്‍ ഇരു രാഷ്ട്രങ്ങളിലെയും സ്വകാര്യ മേഖലകള്‍ക്ക് കൈകോര്‍ത്ത് പ്രവര്‍ത്തിക്കാവുന്നതാണെന്ന് ഹസന്‍ റൂഹാനി പറഞ്ഞു. ഒമാനി നിക്ഷേപകര്‍ക്കും വ്യാപാരികള്‍ക്കും ഇറാനിലും തിരിച്ചും പ്രത്യേക സൗകര്യങ്ങള്‍ പ്രദാനം ചെയ്യാനും ഇരുനേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. ഇറാന്‍െറയും ഒമാന്‍െറയും സമ്പദ്വ്യവസ്ഥകള്‍ പരസ്പര പൂരകമാണെന്നും അതിനാല്‍ ഇരു രാഷ്ട്രങ്ങളും തമ്മിലെ സഹകരണത്തിന് സാധ്യതയേറെയാണെന്നും ബിന്‍ അലവി പറഞ്ഞു. 
ശനിയാഴ്ചയാണ് യൂസുഫ് ബിന്‍ അലവിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇറാനിലത്തെിയത്. 
ഇറാന്‍ വിദേശ കാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് അടക്കം പ്രമുഖരുമായി അലവി കൂടിക്കാഴ്ച നടത്തിയിരുന്നു. 
ജവാദ് സാരിഫുമായി നടത്തിയ ചര്‍ച്ചയില്‍ വിവിധ വിഷയങ്ങളില്‍ സഹകരണത്തിന് ധാരണയായിരുന്നു. 
ഒമാനുമായി അതിരുകളില്ലാത്ത സഹകരണത്തിനാണ് ഇറാന്‍ മുന്‍ഗണന നല്‍കുന്നതെന്ന് കൂടിക്കാഴ്ചക്കുശേഷം ജവാദ് സരീഫ് വാര്‍ത്താമാധ്യമങ്ങളോട് പറഞ്ഞിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.