സലാലയിലെ വാട്ടര്‍ തീം പാര്‍ക്ക്  2017ല്‍ തുറക്കും

മസ്കത്ത്: സലാലയില്‍ നിര്‍മിക്കുന്ന ഒമാനിലെ ആദ്യ വാട്ടര്‍ തീം പാര്‍ക്ക് അടുത്ത വര്‍ഷം അവസാനത്തോടെ തുറന്നുകൊടുക്കുമെന്ന് മുരിയ ടൂറിസം ഡെവലപ്മെന്‍റ് കമ്പനി അധികൃതര്‍ പറഞ്ഞു. 
ഈജിപ്തിലെ ഒറാസ്കോം ഡെവലപ്മെന്‍റ് ഹോള്‍ഡിങ്ങും ഒമാന്‍ സര്‍ക്കാറിന്‍െറ ടൂറിസം നിക്ഷേപ കമ്പനിയായ ഒംറാനും സംയുക്തമായി രൂപവത്കരിച്ചതാണ് മുരിയ ടൂറിസം ഡെവലപ്മെന്‍റ് കമ്പനി. 35,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് ദിവസം മുഴുവന്‍ ഉല്ലസിക്കാനുള്ള ജലവിനോദങ്ങളും മറ്റു വിനോദോപാധികളും ഒരുക്കുമെന്ന് മുരിയ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അഹമ്മദ് ദബ്ബൂസ് പറഞ്ഞു. ഒരേസമയം 1500 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പാര്‍ക്കില്‍ ജലശുദ്ധീകരണത്തിനും പൂളുകളിലെയും മറ്റും ജലനിയന്ത്രണത്തിനും നാലു പമ്പ് റൂമുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വാട്ടര്‍ഹൗസ് പൂള്‍, കിഡ്സ് പൂള്‍, വേവ് പൂള്‍, സ്പാ പൂള്‍ തുടങ്ങിയവയാണ് പാര്‍ക്കിന്‍െറ സവിശേഷതകള്‍. റസ്റ്റാറന്‍റുകള്‍, കഫറ്റീരിയകള്‍ എന്നിവയും ഉണ്ടാകും. എല്ലാ സീസണിലും സലാലയിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ജബല്‍ സിഫായില്‍ മറ്റൊരു നിക്ഷേപക കമ്പനിയുമായി ചേര്‍ന്ന് മുരിയ 200 മുറികളുള്ള ഹോട്ടല്‍ നിര്‍മിക്കും. സലാലയിലും ജബല്‍ സിഫായിലും രണ്ടു ഹോട്ടലുകളുടെ നിര്‍മാണം പൂര്‍ത്തിയായി. സലാല ബീച്ചില്‍ നാലു ഹോട്ടലുകള്‍ കൂടി നിര്‍മിക്കാനും മുരിയ പദ്ധതിയിടുന്നതായി അദ്ദേഹം വ്യക്തമാക്കി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.