ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍ററിന്‍െറ ആദ്യഘട്ടം അടുത്തമാസം തുറക്കും

മസ്കത്ത്: ഒമാന്‍െറ ടൂറിസം ഭൂപടത്തില്‍ തിലകക്കുറിയാകുമെന്ന് കരുതപ്പെടുന്ന ഒമാന്‍ കണ്‍വെന്‍ഷന്‍ സെന്‍ററിന്‍െറ ആദ്യഘട്ടം അടുത്തമാസം പകുതിയോടെ ഉദ്ഘാടനം ചെയ്യും. നിര്‍മാണജോലികള്‍ അവസാനഘട്ടത്തിലാണെന്ന് ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍റര്‍ ജനറല്‍ മാനേജര്‍ ട്രവര്‍ മക്കാര്‍ട്ടിനിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒമാന്‍െറ തനത് ആതിഥ്യമര്യാദയുടെ പ്രതീകമായിരിക്കും മദീനത്തുല്‍ ഇര്‍ഫാനില്‍ പൂര്‍ത്തിയാകുന്ന കണ്‍വെന്‍ഷന്‍ സെന്‍ററെന്ന് ജനറല്‍ മാനേജര്‍ പറഞ്ഞു. ഒംറാനാണ് ഇതിന്‍െറ ഉടമസ്ഥതയും നിര്‍മാണ ചുമതലയും വഹിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലായ ജെ.ഡബ്ള്യു മാരിയറ്റും ഫോര്‍ സ്റ്റാര്‍ ഹോട്ടലായ ക്രൗണ്‍പ്ളാസയും അടുത്തവര്‍ഷം തുറക്കും.
1.27 ലക്ഷം സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള ഷോപ്പിങ് മാളും, ബിസിനസ് പാര്‍ക്കും ഇതിന് അനുബന്ധമായി നിര്‍മിക്കുന്നുണ്ട്.
ആദ്യ വര്‍ഷത്തില്‍ നാലരലക്ഷം സന്ദര്‍ശകര്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. 450 സീറ്റുകളുള്ള ഓഡിറ്റോറിയം, 19 യോഗ സ്ഥലങ്ങള്‍, തിയറ്റര്‍ മാതൃകയില്‍ 2688 പേര്‍ക്ക് ഇരിക്കാവുന്ന ബാള്‍ റൂം, 1026 പേര്‍ക്ക് ഇരിക്കാവുന്ന ജൂനിയര്‍ ബാള്‍ റൂം എന്നിവയും ഇവിടെയുണ്ട്. നിരവധി പ്രമുഖ പ്രദര്‍ശനങ്ങള്‍ ആദ്യവര്‍ഷം തന്നെ ഇവിടെ നടക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.