റുസ്താഖില്‍ ഒഴുക്കില്‍പെട്ട നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു

മസ്കത്ത്: വെള്ളിയാഴ്ച ഉച്ചക്കുശേഷമുണ്ടായ കനത്ത മഴയില്‍ റുസ്താഖിന് സമീപം വാദിഹൊഖെയ്ന്‍ വാദിയില്‍ ഒഴുക്കില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. സ്വദേശി മാതാവും രണ്ടു മക്കളും പ്രവാസി വീട്ടുജോലിക്കാരിയുമാണ് മരിച്ചത്. ഇവരെ കാറില്‍ ഇരുത്തി ഭര്‍ത്താവ് ജുമുഅ നമസ്കരിക്കാന്‍ പോയ സമയത്തുണ്ടായ മഴവെള്ളപാച്ചിലില്‍ കാര്‍ ഒഴുക്കില്‍പെടുകയായിരുന്നു. പ്രവാസി ജോലിക്കാരിയുടെയും വീട്ടമ്മയുടെയും മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരത്തോടെയും മകന്‍െറ  മൃതദേഹം സന്ധ്യയോടെയും കണ്ടത്തെിയിരുന്നു. രണ്ടാമത്തെ മകന്‍െറ മൃതദേഹം ശനിയാഴ്ച വൈകീട്ടും കണ്ടത്തെി. സിവില്‍ ഡിഫന്‍സ് അധികൃതര്‍ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.  മത്രയില്‍ ഒഴുക്കില്‍പെട്ട് കടലില്‍വീണ സ്വദേശി യുവാവെന്ന് സംശയിക്കുന്നയാളെ ഇതുവരെ കണ്ടത്തെിയിട്ടില്ല. ഇയാള്‍ക്കായി കോസ്റ്റ്ഗാര്‍ഡ് ശനിയാഴ്ചയും ഊര്‍ജിത തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. റുസ്താഖില്‍ പൊലീസ് നായകളുടെ സഹായത്തോടെയാണ് പൊലീസും സിവില്‍ ഡിഫന്‍സ് അധികൃതരും ശനിയാഴ്ച തിരച്ചില്‍ നടത്തിയത്. ബാത്തിന മേഖലയിലാണ് വെള്ളിയാഴ്ച മഴ കൂടുതല്‍ നാശം വിതച്ചത്. റുസ്താഖിന് പുറമെ ഖാര, ബിദായ, തര്‍മത്ത് എന്നിവിടങ്ങളില്‍ വാദികളുണ്ടായി.  അമിറാത്തിലും ഖുറിയാത്തിലും മഴവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്നു. മസ്കത്തിലെ വിവിധ റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ ഗതാഗതക്കുരുക്ക് വെള്ളിയാഴ്ച രാത്രി വരെ നീണ്ടു. കെട്ടിക്കിടന്ന വെള്ളം പമ്പ് ചെയ്ത് നീക്കുന്നതിനും റോഡിലെ മണ്ണും മറ്റും നീക്കുന്നതിനുള്ള നടപടികള്‍ വെള്ളിയാഴ്ച രാത്രി മുതലേ ആരംഭിച്ചിരുന്നു. ശനിയാഴ്ച രാവിലെയോടെ മുനിസിപ്പല്‍ ജോലിക്കാരുടെ അക്ഷീണയത്നത്തെ തുടര്‍ന്ന് ഏതാണ്ടെല്ലാ റോഡുകളും ഗതാഗതയോഗ്യമാക്കി.  ശനിയാഴ്ചയും മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ ജനം ജാഗരൂകരായിരുന്നു. അത്യാവശ്യക്കാര്‍ മാത്രമാണ് റോഡുകളില്‍ ഇറങ്ങിയത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ റിപ്പോര്‍ട്ടനുസരിച്ച് അമിറാത്തിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്- 59.8 മി. മീറ്റര്‍. സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് 25 മി.മീറ്ററും റുസ്താഖില്‍ 17.4 മി.മീറ്ററും ബിദ്ബിദില്‍ 16 മി.മീറ്ററും മഴപെയ്തു. മസ്കത്തിലാകട്ടെ 8.4 മി.മീറ്റര്‍ മഴ മാത്രമാണ് പെയ്തത്. അല്‍ഹജര്‍ പര്‍വതനിരകളിലും പരിസര പ്രദേശങ്ങളിലും ഞായറാഴ്ച ഒറ്റപ്പെട്ട മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പില്‍ പറയുന്നു. മത്ര സൂഖ് വാര്‍ത്തയില്‍ ചേര്‍ക്കാന്‍- 200ഓളം കടകളിലാണ് മത്രയില്‍ വെള്ളം കയറിയത്. 1000 മുതല്‍ 10000 വരെ റിയാലിന്‍െറ നഷ്ടമുണ്ടായ വ്യാപാരികളുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.