പ്രവാസക്കാഴ്ചകള്‍ കാന്‍വാസിലാക്കി അഞ്ജലി ബാബു

മസ്കത്ത്: ഒമാന്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ 23ാമത് വാര്‍ഷിക ചിത്രപ്രദര്‍ശനത്തില്‍ മലയാളി പെണ്‍സാന്നിധ്യമായി തലശ്ശേരി സ്വദേശി അഞ്ജലി ബാബു. ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ടിന്‍െറയും സുല്‍ത്താന്‍ ഖാബൂസ് ഹയര്‍ സെന്‍റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍റ് സയന്‍സിന്‍െറയും ആഭിമുഖ്യത്തില്‍ ഈ മാസം 16വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ അഞ്ജലി വരച്ച രണ്ട് ചിത്രങ്ങള്‍ സന്ദര്‍ശകശ്രദ്ധ ആകര്‍ഷിക്കുകയാണ്. 19 വര്‍ഷമായി മസ്കത്തില്‍ പ്രവാസജീവിതം നയിക്കുന്ന അഞ്ജലി ചിത്രകല ശാസ്ത്രീയമായി അഭ്യസിക്കാന്‍ തുടങ്ങിയിട്ട് ഒന്നര വര്‍ഷത്തിലധികമായിട്ടേയുള്ളൂ. 
ചെറുപ്പംമുതലേ വരയോട് കമ്പമുണ്ടായിരുന്നെങ്കിലും ശാസ്ത്രീയ പഠനത്തിന് അവസരം ലഭിച്ചിരുന്നില്ളെന്ന് അഞ്ജലി പറഞ്ഞു. 
ഷെഫി തട്ടാരത്താണ് ചിത്രകല അഭ്യസിപ്പിക്കുന്നത്. ഇദ്ദേഹവും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഓയില്‍, അക്രലിക് മാധ്യമങ്ങളിലാണ് ചിത്രങ്ങള്‍ വരക്കുന്നത്. ഒമാന്‍ പ്രമേയമായിട്ടുള്ളതാണ് അഞ്ജലിയുടെ ചിത്രങ്ങളില്‍ ഏറെയും. പരമ്പരാഗത ആഭരണങ്ങള്‍ അണിഞ്ഞുള്ള ഒമാനി സ്ത്രീകളെ കാന്‍വാസിലാക്കാന്‍ പ്രത്യേക താല്‍പര്യമുണ്ട്. 
യാത്രകളിലും മസ്കത്ത് ഫെസ്റ്റിവല്‍ പോലുള്ള പരിപാടികള്‍ക്കും പോകുമ്പോള്‍ ശ്രദ്ധയില്‍പെടുന്ന സ്വദേശി തനിമയുള്ള കാഴ്ചകള്‍ കാമറയില്‍ പകര്‍ത്തും. പിന്നീട് ഇത് അടിസ്ഥാനമാക്കിയാണ് ചിത്രരചന നടത്തുക. ഫൈന്‍ ആര്‍ട്സ് സൊസൈറ്റി പ്രദര്‍ശനത്തില്‍ ഒമാന്‍ വിഷയമായിട്ടുള്ള ചിത്രങ്ങളാണ് സംഘാടകര്‍ ആവശ്യപ്പെട്ടത്. 
പരമ്പരാഗത ആഭരണങ്ങള്‍ അണിഞ്ഞുള്ള ഒമാനി സ്ത്രീകളുടെ ചിത്രങ്ങളാണ് അഞ്ജലി പ്രദര്‍ശനത്തിന് തെരഞ്ഞെടുത്തത്. ലക്ഷദ്വീപില്‍ കുട്ടിക്കാലം ചെലവഴിച്ചതിന്‍െറ ഓര്‍മകളും ചിത്രരചനയെ സ്വാധീനിക്കാറുണ്ട്. 
ഭര്‍ത്താവ് ബാബുവിന്‍െറ പൂര്‍ണമായ പ്രോത്സാഹനം തന്നിലെ ചിത്രകാരിയെ വളര്‍ത്താന്‍ സഹായകരമായെന്ന് അഞ്ജലി പറയുന്നു. ഭര്‍ത്താവിനും കുട്ടികളായ യഷിനും മാധവിനുമൊപ്പം താമസിക്കുന്ന അഞ്ജലി ഇതിനകം പത്തോളം പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. മറ്റു ചിത്രകാരന്മാര്‍ക്കൊപ്പമായിരുന്നു ഈ പ്രദര്‍ശനങ്ങളെല്ലാം. 
സ്വന്തമായി പ്രദര്‍ശനം നടത്താനുള്ള ഒരുക്കത്തിലാണ് താനെന്നും അഞ്ജലി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.