സലാലയിലെ പുതിയ അന്താരാഷ്ട്ര  വിമാനത്താവളത്തിന് ഒൗദ്യോഗിക ഉദ്ഘാടനം

മസ്കത്ത്: പ്രൗഢമായ ചടങ്ങില്‍ സലാലയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം ഒൗദ്യോഗികമായി തുറന്നുകൊടുത്തു. പരിസ്ഥിതി വിഷയങ്ങളിലെ സുല്‍ത്താന്‍െറ ഉപദേഷ്ടാവ് സയ്യിദ് ശബീബ് ബിന്‍ തൈമൂര്‍ അസ്സഈദിന്‍െറ രക്ഷാകര്‍തൃത്വത്തിലാണ് ദേശീയദിന ഉപഹാരമായി വിമാനത്താവളം തുറന്നുകൊടുത്തത്. 
ഗതാഗത മന്ത്രി ഡോ. അഹ്മദ് അല്‍ഫുതൈസി, മന്ത്രിമാര്‍, സായുധസേനാ മേധാവികള്‍ തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍െറ ഭരണത്തിന് കീഴില്‍ രാജ്യം കൈവരിച്ച സുപ്രധാന നേട്ടങ്ങളില്‍ ഒന്നാണ് വിമാനത്താവളത്തിന്‍െറ ഉദ്ഘാടനമെന്ന് സയ്യിദ് ശബീബ് പറഞ്ഞു. 365 ദശലക്ഷം റിയാല്‍ ചെലവിട്ടുള്ള വിമാനത്താവളത്തിന് നിലവില്‍ രണ്ട് ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനാണ് ശേഷിയെന്ന് ചടങ്ങില്‍ സംസാരിച്ച ഗതാഗതമന്ത്രി പറഞ്ഞു. ആറ് ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുംവിധം വിമാനത്താവളത്തിന്‍െറ ശേഷി ഉയര്‍ത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒമാനിലെ പ്രത്യേകിച്ച് ദോഫാറിലെ സാമ്പത്തിക മേഖലയിലും വിനോദസഞ്ചാര മേഖലയിലുമുള്ള നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വിമാനത്താവളത്തിന് കഴിയും. നാലുവര്‍ഷം സമയമെടുത്ത് നിര്‍മിച്ച വിമാനത്താവളത്തില്‍ ജൂണ്‍ 15 മുതല്‍ സര്‍വിസുകള്‍ ആരംഭിച്ചിരുന്നു. ആധുനിക വിമാനത്താവളങ്ങള്‍ക്ക് സമാനമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 65,000 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ളതാണ് പാസഞ്ചര്‍ ടെര്‍മിനല്‍. 4.75 കിലോമീറ്റര്‍ വിസ്തൃതിയുള്ള പുതിയ റണ്‍വേയില്‍ ഏറ്റവും വലിയ എ 380 അടക്കം വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയും. 2200 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യവും ഇവിടെയുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.