കുട്ടി ഡ്രൈവര്‍മാര്‍ റോഡ് സുരക്ഷക്ക്  ഭീഷണിയാകുന്നു

മസ്കത്ത്: ‘കുട്ടി’ഡ്രൈവര്‍മാര്‍ റോഡ് സുരക്ഷക്ക് ഭീഷണിയാകുന്നതായി പഠനം. സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ സര്‍വേയിലാണ് ലൈസന്‍സില്ലാത്ത സ്വദേശി കുട്ടികള്‍ക്ക് രക്ഷാകര്‍ത്താക്കള്‍ വാഹനം ഓടിക്കാന്‍ നല്‍കുന്നതായി വ്യക്തമായത്. 
മൂന്നിലൊന്ന് സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളും ലൈസന്‍സില്ലാതെ ഒരിക്കലെങ്കിലും വാഹനം ഓടിച്ചവരാണെന്ന് സര്‍വേയില്‍ പറയുന്നു. 3345 സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 34 ശതമാനം പേരും തങ്ങള്‍ അമിത വേഗത്തില്‍ വാഹനമോടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്നാണ് അഭിപ്രായപ്പെട്ടത്. 
ഒരു ലക്ഷം പേരില്‍ 59.7 ശതമാനമാണ്  റോഡപകടങ്ങളിലാണ് മരിക്കുന്നത്. ഇതില്‍ 38.7 ശതമാനം പേരും 16നും 25നുമിടയില്‍ പ്രായമുള്ളവരാണെന്ന് സര്‍വേയില്‍ വ്യക്തമാകുന്നു. അശ്രദ്ധമായ ഡ്രൈവിങ്, അമിത വേഗം, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കല്‍, ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. 
അപകടങ്ങള്‍ക്ക് ഉത്തരവാദികളായവരില്‍ 89.6 ശതമാനവും പുരുഷന്മാരാണ്. ഇതില്‍ 94.7 ശതമാനം പേരും സ്വദേശികളാണെന്നും സര്‍വേയില്‍ വ്യക്തമാകുന്നു. എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് സര്‍വേയുടെ അന്തിമ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ¥ൈലസന്‍സ് നല്‍കുന്നതിന് രാത്രി റോഡ് ടെസ്റ്റ് പാസാകണമെന്ന നിബന്ധനയും വെക്കണം. ഇത് അപകടങ്ങളുടെ എണ്ണം കുറക്കാന്‍ സഹായിക്കും. 
ഇതോടൊപ്പം നിയമലംഘനങ്ങള്‍ക്കുള്ള പിഴശിക്ഷ വര്‍ധിപ്പിക്കുകയും വേണം. 15 മുതല്‍ 44 വരെ പ്രായമുള്ളവരുടെ രണ്ടാമത്തെ വലിയ മരണകാരണവും 15 മുതല്‍ 29 വരെ പ്രായമുള്ളവരുടെ മരണകാരണവുമാണ് വാഹനാപകടങ്ങളെന്നും സര്‍വേ പറയുന്നു. ലൈസന്‍സില്ലാതെ വാഹനമോടിച്ച് പിടിയിലാകുന്നവര്‍ക്ക് 24 മണിക്കൂര്‍ ജയില്‍ ശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. 
കൂടാതെ, വാഹനം പിടിച്ചെടുക്കുകയും 50 റിയാല്‍ പിഴ ചുമത്തുകയും ചെയ്യും. വിഡിയോഗെയിമുകളുടെ സ്വാധീനമാണ് കുട്ടികള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ പ്രേരണയാകുന്നതെന്ന് ആര്‍.ഒ.പി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. അശ്രദ്ധമായും അമിതവേഗത്തിലുമാണ് കുട്ടികള്‍ വാഹനമോടിക്കുന്നത്. 
ഇതുവഴി മറ്റ് റോഡുയാത്രികര്‍ക്ക് ഇവര്‍ ഭീഷണി ഉയര്‍ത്തുകയാണ്. രക്ഷാകര്‍ത്താക്കളുടെ അശ്രദ്ധയാണ് കുട്ടിഡ്രൈവര്‍മാര്‍ പെരുകാന്‍ കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.