കുവൈത്ത് സിറ്റി: രാജ്യത്ത് തണുപ്പ് കൂടുന്നു. കുറഞ്ഞ താപനിലക്കൊപ്പം കാറ്റും വീശുന്നതിനാൽ ജാക്കറ്റും, മഫ്ളറും, തൊപ്പിയും ധരിച്ചാണ് മിക്കവരും പുറത്തിറങ്ങുന്നത്. വ്യാഴാഴ്ച ഉച്ചക്ക് 18 ഡിഗ്രി സെൽഷ്യസിൽ താഴെയായിരുന്നു താപനില. രാത്രി ചില പ്രദേശങ്ങളിൽ താപനില അഞ്ച് ഡിഗ്രി സെൽഷ്യസിൽ എത്തി.
റെസിഡൻഷ്യൽ ഏരിയകളിൽ കുറഞ്ഞ താപനില ഏഴു മുതൽ ഒമ്പതു ഡിഗ്രി സെൽഷ്യസിനും ഇടയിൽ രേഖപ്പെടുത്തി. 15 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു ശരാശരി താപനില.
വരും ദിവസങ്ങളിലും താപനിലയിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് തിരശ്ചീന ദൃശ്യപരത കുറയുന്നതിന് കാരണമായേക്കും. വെള്ളിയാഴ്ച രാത്രി ഒമ്പത് ഡിഗ്രി സെൽഷ്യസ് വരെ താപനില എത്താമെന്നും കാലാവസ്ഥ സൈറ്റുകൾ കാണിക്കുന്നു. ശനിയാഴ്ചയോടെ ഇടയ്ക്കിടെ നേരിയ മഴ ലഭിച്ചേക്കാം. ജനുവരി ആദ്യവാരവും രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മഴക്ക് സാധ്യതയുണ്ട്.
തണുപ്പു മൂലം അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടുന്നതും ശരീരം കാലാവസ്ഥയുമായി പൊരുത്തപ്പെടാതെ വരുന്നതും പല രോഗങ്ങൾക്കും കാരണമാകും. ഇവ തിരിച്ചറിഞ്ഞ് ശരീരത്തിന് പ്രതിരോധം ഒരുക്കണം.
• തണുപ്പ് പ്രതിരോധ വസ്ത്രങ്ങൾ ധരിക്കണം.
• ആസ്ത്മ, ശ്വാസകോശ രോഗികൾ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്
• ഇത്തരം രോഗികൾ പുറത്തുപോവുമ്പോൾ ശ്വാസമെടുക്കുന്നതിനുള്ള ഉപകരണം കൈയിൽ കരുതണം.
•അടിയന്തര ഘട്ടങ്ങളിൽ ഡോക്ടറെ കാണണം
• ചൂടുവെള്ളത്തിലോ ഇളം ചൂടുവെള്ളത്തിലോ കുളിക്കുക
• ദിവസവും വ്യായാമത്തിന് സമയം കണ്ടെത്തുക. വ്യായാമം ശരീരത്തെ ചൂടാക്കുകയും ശാരീരിക ക്ഷമത
നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
• ചൂടുള്ള ഭക്ഷണം പതിവാക്കാം.
• വറുത്ത ഭക്ഷണങ്ങൾ, കൊഴുപ്പ് അടങ്ങിയ ഭക്ഷണം എന്നിവ ഒഴിവാക്കാം.
• പുതിയതും സീസണിൽ ലഭ്യമായതുമായ പഴങ്ങൾ, പച്ചക്കറികൾ ഇവ ഉപയോഗിക്കാം.
• മദ്യപാനവും പുകവലിയും ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.