സുരക്ഷ പരിശോധന: മഹബൂലയിൽ 308 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: താമസനിയമ ലംഘകരെ പിടികൂടാൻ മഹബൂലയിൽ നടത്തിയ പരിശോധനയിൽ 308 വിദേശികൾ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാകാര്യ അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫർറാജ്​ അൽ സൂബിയുടെ നേതൃത്വത്തിലാണ്​ പരിശോധന അരങ്ങേറിയത്​. പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ഒരിടവേളക്ക് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷ പരിശോധന പുനരാരംഭിച്ചിട്ടുണ്ട്.

ഒരാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടക്കുന്നു. ജലീബ്​ അൽ ശുയൂഖ്​, ഫർവാനിയ, ഖൈത്താൻ, അൻദലൂസ്​, റാബിയ, അർദിയ വ്യവസായ മേഖല, ഫ്രൈഡേ മാർക്കറ്റ്​, ജാബിർ അഹ്മദ് ഭാഗം എന്നിവിടങ്ങളിൽ പരിശോധന നടന്നു. ജലീബ് അൽ ശുയൂഖിലെ പരിശോധനക്ക് ആഭ്യന്തര മന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേരിട്ടുള്ള നിർദേശവും മേൽനോട്ടവും ​ഉണ്ടെന്നാണ് റിപ്പോർട്ട്. റോഡുകളുടെ പ്രവേശന കവാടങ്ങളിൽ ചെക്​​പോയൻറുകൾ തീർത്താണ്​ രേഖകൾ പരിശോധിക്കുന്നത്​.

നിരവധി തവണ പൊതുമാപ്പ്​ ഉൾപ്പെടെ അവസരങ്ങൾ നൽകിയിട്ടും പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാരെ വേട്ടയാടി പിടികൂടി നാടുകടത്താനാണ്​ ആഭ്യന്തര മന്ത്രാലയത്തി​ന്റെ തീരുമാനം. ഒന്നര ലക്ഷത്തിലേറെ അനധികൃത താമസക്കാർ രാജ്യത്തുണ്ട്. വീണ്ടും ഒരിക്കൽ കൂടി പൊതുമാപ്പ് നൽകാൻ അധികൃതർ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇതിന് മുന്നോടിയായാണ് ഇപ്പോൾ പരിശോധന വ്യാപകമാക്കിയതെന്നും വിലയിരുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.