രാജ്യത്തിനുവേണ്ടി പൊരുതിയും ഇസ്രായേൽ ആക്രമണത്തെ നേരിട്ടും ഫലസ്തീൻ ജനത ദിനങ്ങൾ തള്ളുമ്പോൾ, കുവൈത്തിൽ അടുത്തിടെ നടന്ന ഫുട്ബാൾ പോരാട്ടം അത്ഭുതപ്പെടുത്തി. ലോകകപ്പ് യോഗ്യത മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ ഒടുക്കം വരെ പോരാടിയാണ് ഫലസ്തീൻ കീഴടങ്ങിയത്. ഫുട്ബാൾ മൈതാനിയിൽ വീറോടെ പോരാടുന്ന ഫലസ്തീൻ താരങ്ങൾക്ക് എവിടന്ന് കിട്ടി ഇത്രമേൽ ചങ്കുറപ്പ് എന്ന് ഏവരും ചിന്തിച്ചുപോകും.
ആർത്തുലക്കുന്ന ശബ്ദത്തോടെ ഫലസ്തീൻ ഐക്യദാർഢ്യം വിളിച്ചോതി വിദേശികളും സ്വദേശികളുമടങ്ങിയ കാണികളും ഗാലറി നിറഞ്ഞു. കുവൈത്ത് ജാബിർ സ്റ്റേഡിയത്തിൽ കളംനിറഞ്ഞു കളിച്ച 11 പേരുടെയും ബന്ധുക്കൾ പലരും നാട്ടിൽ രാജ്യത്തിനു വേണ്ടി മരണപ്പെടുകയോ വലിയരീതിയിൽ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകുമെന്നുറപ്പാണ്.
എന്നിട്ടും ഇത്രക്ക് കാൽപന്തുകളിയിൽ ജീവിതം സമർപ്പിച്ചവർ കായികലോകത്തിനുതന്നെ അത്ഭുതം സമ്മാനിച്ചാണ് കുവൈത്തിൽനിന്ന് മടങ്ങിയത്. ഒരു ഗോളിന് വിജയിച്ച ആസ്ട്രേലിയൻ താരങ്ങൾപോലും പരസ്പരം ആശ്ലേഷിച്ചും ജഴ്സികൾ കൈമാറിയും പൊരുതുന്ന ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
ലോകകപ്പ് യോഗ്യത റൗണ്ടിന് ഹോം ഗ്രൗണ്ട് പോലും സൗകര്യപ്പെടാത്ത ഫലസ്തീന് രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയം ഹോം ഗ്രൗണ്ടായി അനുവദിച്ച് കുവൈത്ത് മാതൃകയായി. പരാജയപ്പെട്ടവർ ഗാലറികളിലേക്ക് ജഴ്സി സമ്മാനിക്കുന്നതും അവർക്കുവേണ്ടി ഗാലറികളിൽനിന്ന് അഭിവാദ്യമർപ്പിക്കുന്നതും ഫുട്ബാൾ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണ്.
സയണിസ്റ്റുകൾ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന രാജ്യത്തിന്റെ ബാനറുകളും കൊടികളും നിറഞ്ഞ ഇത്തരം കളിയാരവങ്ങളുടെ ഗാലറികൾ കായികലോകത്തിന് പുതിയ പ്രതീക്ഷകൾ നൽകുന്നു. നന്ദി കുവൈത്ത്, ഈ ചേർത്തുപിടിച്ച സംസ്കാരത്തിന് സാക്ഷ്യംവഹിച്ചതിന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.