ജനാധിപത്യത്തിന്‍െറ ഫലപ്രാപ്തി ജനങ്ങളുടെ ജാഗ്രതയില്‍  –വെല്‍ഫെയര്‍ കേരള പൊതുസമ്മേളനം

കുവൈത്ത് സിറ്റി: ജനാധിപത്യത്തിന്‍െറ ഫലപ്രാപ്തി നിലകൊള്ളുന്നത് ജനങ്ങളുടെ ജാഗ്രതയിലാണെന്ന് വെല്‍ഫെയര്‍ കേരള കുവൈത്ത് ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം അഭിപ്രായപ്പെട്ടു. സമഗ്രാധിപത്യത്തിന്‍െറ നിഴല്‍ അന്തര്‍ദേശീയ തലത്തിലും ദേശീയതലത്തിലും സംസ്ഥാനത്തും ജനങ്ങളുടെ മേല്‍ പതിക്കുന്നുണ്ട്. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ വികസന വിരുദ്ധരും ദേശവിരുദ്ധരുമാക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ പൗരന്മാരുടെ അവകാശങ്ങള്‍ റദ്ദ് ചെയ്ത് കോര്‍പറേറ്റുകള്‍ക്ക് പരവതാനി വിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ജനങ്ങളെ ഉയര്‍ന്ന രാഷ്ട്രീയ ബോധമുള്ളവരാക്കി മാറ്റുകയെന്ന വലിയ ഉത്തരവാദിത്തമാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നിര്‍വഹിക്കാനുള്ളതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എ. ഷെഫീഖ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. 
സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ നടപ്പാക്കുകയാണ് കേരളത്തിലെ പൊലീസ്. പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുകയാണ്. അയ്യങ്കാളിയും ശ്രീനാരായണഗുരുവുമടക്കമുള്ള നവോത്ഥാന നായകരാണ് കേരളത്തെ ഈ നിലയില്‍ രൂപപ്പെടുത്തിയത്. ഇതിനെ മുന്നോട്ടുകൊണ്ടുപോവുന്നതില്‍ ഇടതുവലതു മുന്നണികള്‍ പരാജയപ്പെട്ടു. ഈ ദൗത്യമാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഏറ്റെടുക്കുന്നത്. നവോത്ഥാനത്തെ കവര്‍ന്നെടുക്കുകയാണ് ഇടതുപക്ഷം ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്‍റ് ഖലീലുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി നിര്‍ത്തലാക്കരുതെന്നാവശ്യപ്പെട്ട് മജീദ് നരിക്കോടനും കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് റസീന മുഹ്യുദ്ദീനും പ്രമേയം അവതരിപ്പിച്ചു. എം.കെ. അബ്ദുല്‍ ഗഫൂര്‍ കവിത ആലപിച്ചു. വൈസ് പ്രസിഡന്‍റുമാരായ അന്‍വര്‍ സയീദ്, കൃഷ്ണദാസ്, മിനി വേണുഗോപാല്‍, ട്രഷറര്‍ ഷൗക്കത്ത് വളാഞ്ചേരി, സെക്രട്ടറിമാരായ ഗിരീഷ്, അന്‍വര്‍ ഷാജി, റീന ബ്ളെസ്സന്‍ എന്നിവര്‍ സംബന്ധിച്ചു. 
ജനറല്‍ സെക്രട്ടറി ലായിക് അഹ്മദ് സ്വാഗതവും പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ജസീല്‍ ചെങ്ങളാന്‍ നന്ദിയും പറഞ്ഞു. മഞ്ജു മോഹന്‍, ഫായിസ് അബ്ദുല്ല, മറ്റു കേന്ദ്ര നേതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി
 

Tags:    
News Summary - Welfaire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.