കുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും വരുന്നു. ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റും കഠിന ചൂടും അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പൊടിപടലങ്ങൾ ഉയർത്തുകയും തുറന്ന പ്രദേശങ്ങളിൽ ദൃശ്യപരത കുറക്കുകയും ചെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. പകൽ സമയത്ത് കാലാവസ്ഥ വളരെ ചൂടും പൊടിപടലവും നിറഞ്ഞതായിരിക്കും. രാത്രിയിലും ചൂട് കനത്ത് തുടരും. തുറസ്സായ പ്രദേശങ്ങളിൽ ദൃശ്യപരത 1000 മീറ്ററിന് താഴെയാകും. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. പകൽ താപനില 49 ഡിഗ്രി സെൽഷ്യസ് വരെയും രാത്രിയിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും ഉയരും.
കടൽ തിരമാല ആറ് അടിയൽ വരെ ഉയരുമെന്നതിനാൽ കടൽ യാത്ര ഒഴിവാക്കണം. ഹൈവേകളിൽ വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണം. ആസ്ത്മയോ അലർജിയോ ഉള്ളവർ പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യൻ മൺസൂൺ ന്യൂനമർദം വ്യാപിച്ചതും വടക്കുപടിഞ്ഞാറൻ വരണ്ട കാറ്റ് വീശുന്നതുമാണ് ഈ കാലാവസ്ഥക്ക് കാരണമെന്ന അധികൃതർ ചൂണ്ടക്കാണക്കുന്നു. അതേസമയം, വ്യാഴാഴ്ച മുതൽ രാജ്യത്ത് 'ഒന്നാം ജെമിനി' സീസണിന് തുടക്കമാകും. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ താപനിലയിൽ ഗണ്യമായ വർധനയുണ്ടാകും. ഉയർന്ന താപനിലക്കൊപ്പം വരൾച്ചയും ചൂടേറിയ കാറ്റും ഈ സീസണിന്റെ പ്രത്യേകതയാണ്. പിറകെ രണ്ടാം ജെമിനി സീസണിന് തുടക്കമാകും. ഈ സീസണിൽ ശക്തമായ കാറ്റും, താപനിലയില്‍ വർധനയുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.