കുവൈത്ത് സിറ്റി: കോവിഡ് വാക്സിൻ സംഭരണവും വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം വൈദ്യുതി മന്ത്രാലയവുമായി ഏകോപിച്ച് പ്രവർത്തിക്കും. മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കേണ്ടതിനാൽ വൈദ്യുതി വിതരണം സുഗമമായും തടസ്സമില്ലാതെയും ലഭ്യമാക്കാനാണ് യോജിച്ച് പദ്ധതി തയാറാക്കിയത്. വൈദ്യുതി മുടങ്ങാതിരിക്കാൻ ഡീസൽ ജനറേറ്റർ സ്ഥാപിക്കും. വാക്സിൻ സൂക്ഷിക്കാനുള്ള കേന്ദ്രങ്ങൾ ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ പുതിയ കേന്ദ്രങ്ങൾ നിർമിക്കും.
57 ലക്ഷം ഡോസ് വാക്സിൻ ആണ് കുവൈത്ത് ഇറക്കുമതി ചെയ്യുന്നത്. ഇത് 28 ലക്ഷം പേർക്ക് തികയും. പത്തുലക്ഷം ഡോസ് ഫൈസർ, 17 ലക്ഷം ഡോസ് മോഡേണ, 30 ലക്ഷം ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനിക്ക എന്നീ വാക്സിനുകളാണ് കുവൈത്ത് ഇറക്കുമതി ചെയ്യാൻ ധാരണയായിട്ടുള്ളത്. ക്ലിനിക്കൽ പരിശോധന കഴിഞ്ഞ് തദ്ദേശീയ റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിച്ചാൽ ഡിസംബർ അവസാനം മുതൽ വാക്സിൻ ഇറക്കുമതി ചെയ്യും. കുത്തിവെപ്പെടുക്കലിന് ആരോഗ്യപ്രവർത്തകർ, പ്രായമായവർ, ഭിന്നശേഷിക്കാർ, മാറാരോഗികൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മറ്റുള്ളവർ തുടങ്ങിയവരെയാണ് മുൻഗണനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുട്ടികൾക്ക് വാക്സിൻ നൽകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.