ഇന്ത്യ-കുവൈത്ത് ഊഷ്മള ബന്ധം ഉണർത്തി കുവൈത്ത് അമീർ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ​ത്രിപതി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് യോഗ്യതാപത്രം സമർപ്പിച്ചു. കുവൈത്തിലെ ഇന്ത്യയുടെ ഇരുപതാമത്തെയും ആദ്യത്തെ വനിതാ അംബാസഡറുമാണ് പരമിത ​ത്രിപതി.

ബയാൻ പാലസിൽ നടന്ന ചടങ്ങിൽ അംബാസഡറെ, അമീർ ഊഷ്മളമായി സ്വാഗതം ചെയ്തു. ഉത്തരവാദിത്തങ്ങൾ റിർവഹിക്കുന്നതിൽ വിജയാശംസകളും നേർന്നു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരവും സൗഹൃദപരവുമായ ബന്ധങ്ങളെ അമീർ സൂചിപ്പിച്ചു. പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിന് കുവൈത്ത് നൽകുന്ന പ്രാധാന്യവും വ്യക്തമാക്കി.

ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയിലെ ജനങ്ങൾ എന്നിവരുടെ ഊഷ്മളമായ ആശംസകൾ അംബാസഡർ അമീറിനെ അറിയിച്ചു. വിശ്വസ്ത സുഹൃത്ത്, ഗൾഫിലെ ആദരണീയ ശബ്ദം, ജി.സി.സിയിലെ പ്രധാന അംഗം എന്നീ നിലകളിൽ കുവൈത്തുമായുള്ള ഇന്ത്യയുടെ പ്രത്യേക ബന്ധം അവർ ആവർത്തിച്ചു. നിലവിലെ സാഹചര്യത്തിൽ കുവൈത്തിനോടുള്ള ഇന്ത്യയുടെ ഐക്യദാർഢ്യവും വ്യക്തമാക്കി. സമാധാനത്തിനും സ്ഥിരതക്കും ഇന്ത്യയുടെ വ്യക്തമായ പിന്തുണയും ആവർത്തിച്ചു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് തുടർച്ചയായി നൽകുന്ന പിന്തുണക്ക് അമീറിനെ അംബാസഡർ നന്ദി അറിയിച്ചു.

വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഊർജ്ജം, ആരോഗ്യ സംരക്ഷണം, ശാസ്ത്ര സാങ്കേതിക വിദ്യ, നവീകരണം, നൈപുണ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ പ്രധാന മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിലൂടെ ഇന്ത്യ-കുവൈത്ത് തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയും എടുത്തുപറഞ്ഞു.

Tags:    
News Summary - Kuwait Amir strengthens the warm ties between India and Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-21 06:48 GMT