കുവൈത്ത് സിറ്റി: ശൈഖ് അബ്ദുല്ല അൽ നൂരി ചാരിറ്റി സൊസൈറ്റിയുടെയും ജംഇയ്യ ഇൻസാൻ അൽ ഖൈരിയയുടെയും സഹായത്തോടെ യൂത്ത് ഇന്ത്യ കുവൈത്ത് മരുഭൂമിയിലെ തൊഴിലാളികൾക്ക് അവശ്യവസ്തുക്കൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. സാൽമി മേഖലയിലെ ഉൾപ്രദേശങ്ങളിൽ ആടുകളെയും ഒട്ടകങ്ങളെയും മേയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ട് മരുഭൂമികളിൽ ഒറ്റപ്പെട്ട് കഴിയുന്ന വിവിധ രാജ്യക്കാരായ സഹോദരങ്ങൾക്കാണ് കമ്പിളി പുതപ്പ്, വസ്ത്രങ്ങൾ, തണുപ്പിന് ഉപയോഗിക്കാനുള്ള ക്രീമുകളും ലോഷനുകളും ഒപ്പം ഭക്ഷണ കിറ്റുകളും എത്തിച്ച് നൽകിയത്.
ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽനിന്ന് 18 വാഹനങ്ങളിലായി 60ൽപരം വളൻറിയർമാരുടെ സേവനത്തിൽ 120 കിറ്റുകളാണ് വിതരണം നടത്തിയത്. കടുത്ത വെയിലിലും മരം കോച്ചുന്ന തണുപ്പിലും മരുഭൂമിയിൽ ആടുകളോടും ഒട്ടകങ്ങളോടും ഒപ്പം ജീവിതം കഴിച്ചുകൂട്ടുന്നവർക്കിടയിലേക്ക് എത്തി അവരോടൊപ്പം സമയം ചെലവിട്ടത് തൊഴിലാളികൾക്ക് സന്തോഷം പകർന്നു. ദൗത്യം ഹൃദ്യമായ അനുഭവമായിരുന്നുവെന്ന് ഡസേർട്ട് കിറ്റ് യാത്രയിൽ പെങ്കടുത്തവർ പറഞ്ഞു.
കെ.ഐ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി യൂത്ത് ഇന്ത്യ പ്രസിഡൻറ് ഉസാമ അബ്ദുൽ റസാഖിന് കിറ്റ് കൈമാറി ഡസേർട്ട് കിറ്റ് യാത്ര ഉദ്ഘാടനം നിർവഹിച്ചു.
കെ.ഐ.ജി എജുക്കേഷൻ ബോർഡ് ഡയറക്ടർ അബ്ദുൽ റസാഖ് നദ്വി, യൂത്ത് ഇന്ത്യ വൈസ് പ്രസിഡൻറ് മെഹ്നാസ് മുസ്തഫ, കെ.ഐ.ജി ജനറൽ സെക്രട്ടറി പി.ടി. ഷാഫി, യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഫഹീം മുഹമ്മദ്, ട്രഷറർ ഹശീബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.