ദോഹ: നെയ്മറുടെ ബ്രസീലിന്റെ ആദ്യ എതിരാളി ആരാവും. ആതിഥേയരായ ഖത്തറിനൊപ്പം ഗ്രൂപ്പ് 'എ'യിൽ വെല്ലുവിളി ഉയർത്തുന്നത് ആരൊക്കെയാവും.
ലയണൽ മെസ്സിയുടെ അർജന്റീനയും, യൂറോപ്യൻ കരുത്തരായ ബെൽജിയം, സ്പെയിൻ, ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട് ടീമുകളുമെല്ലാം ഏത് ഗ്രൂപ്പിൽ പന്തുതട്ടും... ആരാധകരുടെ ആകാംക്ഷക്ക് ഏപ്രിൽ ഒന്നിന് അറുതിയാവും. ഖത്തർ ലോകകപ്പിന്റെ ടീം നറുക്കെടുപ്പ് ദോഹ വേദിയാവുന്ന ഫിഫ കോൺഗ്രസിന്റെ അവസാന ദിനത്തിൽ നടക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചു.
മാർച്ച് 24നാണ് യോഗ്യതാ പോരാട്ടങ്ങളുടെ അവസാന ഘട്ടങ്ങൾ പുനരാരംഭിക്കുന്നത്.
ലോകകപ്പിൽ മത്സരിക്കുന്ന 32ൽ 15 ടീമുകളാണ് ഇതുവരെ യോഗ്യത നേടിയത്. ശേഷിക്കുന്നവരിൽ ഇന്റർകോണ്ടിനെന്റൽ േപ്ല ഓഫിലൂടെ യോഗ്യത നേടേണ്ട രണ്ടുപേരൊഴികെ ബാക്കി 15 ടീമുകളും ഏപ്രിൽ ഒന്നിനു മുമ്പായി തീർപ്പാകും.
തുടർന്ന് ഈ പേരുകളാകും നറുക്കെടുപ്പ് വേദിയിലെ വിവിധ പോട്ടുകളിലെ ഇടം പിടിക്കുക. ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററാണ് നറുക്കെടുപ്പിന്റെ വേദി.
മുൻകാല താരങ്ങൾ ഉൾപ്പെടെ 2000ത്തോളം അതിഥികൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഫിഫ അറിയിച്ചു. ഖത്തർ സമയം രാത്രി ഏഴിനാണ് നറുക്കെടുപ്പ് ചടങ്ങ്.
ഏപ്രിൽ ഒന്നിന് തന്നെ ടിക്കറ്റ് ബുക്കിങ്ങിന്റെ രണ്ടാം ഘട്ടവും ആരംഭിക്കും.
ഒന്നാം ഘട്ടം ഫെബ്രുവരി എട്ടിന് അവസാനിക്കുകയും, മാർച്ച് എട്ട് മുതൽ അറിയിപ്പ് നൽകുകയും ചെയ്തുതുടങ്ങി. 21ന് മുമ്പായി ടിക്കറ്റ് തുക ഓൺലൈൻ വഴി അടക്കാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.