പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് രണ്ടാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ടാം ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് തുടങ്ങി. രാജ്യത്ത് ആദ്യം കുത്തിവെപ്പെടുത്ത പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് തന്നെ രണ്ടാം ഡോസും സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഉപപ്രധാനമന്ത്രി അനസ് അൽ സാലിഹ്, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്, സർക്കാർ വക്താവ് താരിഖ് അൽ മസ്റം, ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് തുടങ്ങിയവർ രണ്ടാം ഡോസ് സ്വീകരിച്ചു.
ആദ്യ ഡോസെടുത്ത് 21 ദിവസത്തിനുശേഷമാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്. ഇത് ബൂസ്റ്റർ ഡോസാണ്. രണ്ടാം ഡോസ് എടുത്ത് ഒരാഴ്ചക്ക് ശേഷമാണ് ഫലം പൂർണ തോതിൽ ലഭിക്കുക. കോവിഡ് പ്രതിരോധ കുത്തിവെപ്പിെൻറ ആദ്യ ഡോസ് എടുത്ത ശേഷം രണ്ടാം ഡോസ് എടുക്കുന്നതിന് മുമ്പ് വിദേശയാത്ര നടത്തരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുവരെ ആർക്കും പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഡിസംബർ 24നാണ് രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചത്. ഇതുവരെ 15,000ത്തിൽ താഴെ പേർക്ക് മാത്രമേ വാക്സിൻ നൽകിയിട്ടുള്ളൂ. 48 ലക്ഷം വരുന്ന കുവൈത്ത് ജനസംഖ്യയിൽ ഒരു ശതമാനത്തിന് പോലും വാക്സിനേഷൻ പൂർത്തിയാവണമെങ്കിൽ ജനുവരി കഴിയേണ്ടി വരും.
ആഗോള തലത്തിലെ വിവിധ രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ വാക്സിനേഷൻ നിരക്കിൽ കുവൈത്ത് പിന്നിലാണ്. 2021 സെപ്റ്റംബറോടെ 80 ശതമാനം രാജ്യനിവാസികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാനാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. 48 ലക്ഷം വരുന്ന വിദേശികളും സ്വദേശികളുമടങ്ങുന്ന കുവൈത്ത് ജനസംഖ്യക്ക് പൂർണമായി കോവിഡ് വാക്സിൻ നൽകാൻ ഇൗ വർഷം അവസാനം വരെയെങ്കിലും ദൗത്യം തുടരേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.