കുവൈത്ത് സിറ്റി: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറും നിരവധി മഹല്ലുകളുടെ ഖാദിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ പ്രവാസ ലോകത്ത് അനുശോചന പ്രവാഹം. വിവിധ സംഘടനകളും വ്യാപാര സ്ഥാപനങ്ങളും അനുശോചിച്ചു.
സമൂഹമാധ്യമങ്ങളിൽ അനുശോചന പോസ്റ്ററുകളും കുറിപ്പുകളും പ്രാർഥന ആഹ്വാനങ്ങളും നിറഞ്ഞിരിക്കുകയാണ്. എത്രമാത്രം പൊതു സ്വീകാര്യത അദ്ദേഹത്തിന് ഉണ്ടെന്ന് തെളിയിക്കുന്നതാണ് സമൂഹത്തിന്റെ വിവിധ തുറകളിൽനിന്ന് വരുന്ന പ്രതികരണങ്ങൾ.
അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് വിയോജിപ്പുള്ളവരും വ്യക്തി എന്ന നിലയിലും നേതാവ് എന്ന നിലയിലും ആദരവ് പ്രകടിപ്പിക്കുന്നു. പൊതുജീവിതത്തിൽ പുലർത്തിയ മാന്യതയും സൗമ്യമായ വ്യക്തിത്വവും ഇതിന് കാരണമായിട്ടുണ്ട്.
കുവൈത്ത് സിറ്റി: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രതിസന്ധി ഘട്ടങ്ങളിൽ ശക്തമായ നിലപാടുകളെടുത്ത് പാർട്ടിയെ മുന്നോട്ടുനയിച്ച നേതാവായിരുന്നു തങ്ങൾ.
മതസംഘടനകളെ ഒരുമിച്ചുനിർത്തുന്നതിൽ വലിയ പങ്കുവഹിച്ച മഹത് വ്യക്തിത്വവും എളിമയുടെ പ്രതീകവുമായിരുന്നു തങ്ങളെന്നും കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും ഉജ്ജ്വല മാതൃകകൾ അവശേഷിപ്പിച്ചാണ് തങ്ങൾ യാത്രയായതെന്നു നേതാക്കൾ അനുസ്മരിച്ചു.
കുവൈത്ത് കെ.എം.സി.സിയുടെ വിവിധ ജില്ല-മണ്ഡലം കമ്മിറ്റികളും അനുശോചനം രേഖപ്പെടുത്തി. അനുശോചനയോഗവും മയ്യിത്ത് നമസ്കാരവും മാർച്ച് ഏഴ് തിങ്കളാഴ്ച വൈകീട്ട് 7.30ന് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കുവൈത്ത് സിറ്റി: സർവാദരണീയനായ നേതാവും സൗമ്യ വ്യക്തിത്വവുമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. വിയോഗം പൊതുസമൂഹത്തിനും മുസ്ലിം സമുദായത്തിനും വലിയ നഷ്ടമാണ്.
വിനയമുള്ള വ്യക്തിയാകുമ്പോഴും ഉറച്ച നിലപാടുകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. മതസൗഹാർദം കാത്തുസൂക്ഷിക്കുന്നതിലും സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിലും ജാഗ്രത പുലർത്തിയ സമുന്നതനായ നേതാവായിരുന്നു.
കലുഷിതമായ രാഷ്ട്രീയ സാമുദായിക അന്തരീക്ഷത്തിൽ പൊതുസ്വീകാര്യനായ അദ്ദേഹത്തെ പോലുള്ളവരുടെ സാന്നിധ്യം വിലപ്പെട്ടതായിരുന്നെന്നും കെ.ഐ.ജി കുവൈത്ത് അനുശോചന കുറിപ്പിൽ പറഞ്ഞു.
കുവൈത്ത് സിറ്റി: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് അനുശോചനം രേഖപ്പെടുത്തി.
രാഷ്ട്രീയ നേതാവ് എന്നതിലപ്പുറം സമൂഹത്തിൽ പരക്കെ അംഗീകരിക്കപ്പെട്ട നിഷ്കളങ്കനും വിനയാന്വിതനുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. മാനവിക സാഹോദര്യമൂല്യങ്ങള്ക്കുവേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹം എന്ന് വെൽഫെയര്‍ കേരള കുവൈത്ത് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരളത്തില്‍ മതസൗഹാർദം നിലനിർത്തുന്നതിനായി അദ്ദേഹം അക്ഷീണം പ്രയത്നിച്ചു.
പ്രതിസന്ധിഘട്ടങ്ങളെ അവധാനതയോടെയും പക്വതയോടെയും സമീപിച്ചിരുന്ന അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യത്തെയാണ് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ സൂചിപ്പിച്ചു.
കുവൈത്ത് സിറ്റി: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ യൂത്ത് ഇന്ത്യ കുവൈത്ത് അനുശോചിച്ചു. അദ്ദേഹത്തെ പോലെയുള്ള പക്വതയും പൊതുസ്വീകാര്യതയുമുള്ള നേതാക്കളുടെ വിയോഗം സമൂഹത്തിന് വലിയ നഷ്ടമാണ്. സൗമ്യനായ വ്യക്തിയായിരിക്കെ തന്നെ നിലപാടുകളിൽ വ്യക്തതയും കാർക്കശ്യവും പുലർത്തിയിട്ടുണ്ട് അദ്ദേഹം. കുടുംബത്തിന്റെയും സമൂഹത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായി യൂത്ത് ഇന്ത്യ കുവൈത്ത് നേതാക്കൾ അനുശോചന കുറിപ്പിൽ പറഞ്ഞു.
കുവൈത്ത് സിറ്റി: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ അനുശോചിച്ചു. വിയോഗത്തിൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സമൂഹത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായി കെ.കെ.പി.എ ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കുവൈത്ത് സിറ്റി: തലശ്ശേരി വെൽഫെയർ അസോസിയേഷൻ കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. നിരാലംബർക്ക് സാന്ത്വനം നൽകുകയും വ്യക്തിജീവിതത്തിൽ ലാളിത്യവും സൗമ്യതയും കൊണ്ട് ജനഹൃദയങ്ങളിൽ ഇടംനേടുകയും ചെയ്ത വ്യക്തിത്വമാണ് അദ്ദേഹമെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കുവൈത്ത് സിറ്റി: കേരളത്തിലെ ഏറ്റവുമധികം ആദരിക്കപ്പെട്ടിരുന്ന നേതാവും സൗമ്യനായ രാഷ്ട്രീയ വ്യക്തിത്വവുമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്നും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും അജ്വ കുവൈത്ത് അറിയിച്ചു.
കുവൈത്ത് സിറ്റി: സമൂഹനന്മക്കും മതസൗഹാർദം ഊട്ടിയുറപ്പിക്കാനുമായി ജീവിതം മാറ്റിവെച്ച മനുഷ്യസ്നേഹിയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ കുവൈത്ത് അനുശോചന കുറിപ്പിൽ പറഞ്ഞു.
കുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ വൈസ് പ്രസിഡൻറും എസ്.വൈ.എസ് അധ്യക്ഷനും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ അനുശോചിച്ചു.
കേരളത്തിലെ മത സാമൂഹിക സാംസ്കാരിക സേവനരംഗത്തെ അതുല്യ വ്യക്തിത്വമായിരുന്നു അദ്ദേഹം. കേരളത്തിലെ ആയിരത്തിലധികം മഹല്ലുകളുടെ ഖാദി, പട്ടിക്കാട് ജാമിഅ നൂരിയ്യ അടക്കമുള്ള നൂറുകണക്കിന് മതഭൗതിക സ്ഥാപനങ്ങളുടെ പ്രസിഡൻറ്, അനാഥ അഗതി മന്ദിരങ്ങളുടെ അധ്യക്ഷന്‍, സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ സ്ഥാപക പ്രസിഡൻറ് തുടങ്ങി നിരവധി സ്ഥാനങ്ങളും ചുമതലകളും വഹിച്ചിരുന്നു.
ജീവിതം തന്നെ സമുദായത്തിന്റെ ഉന്നതിക്കും പൊതുപ്രവര്‍ത്തനങ്ങള്‍ക്കും നീക്കിവെച്ച അദ്ദേഹത്തിന്റെ വേര്‍പാട് പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും തീരാനഷ്ടമാണെന്നും കെ.എ.സി ഭാരവാഹികള്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.
സൗമ്യസാന്നിധ്യം -കെ.കെ.എം.എ
കുവൈത്ത് സിറ്റി: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അനിഷേധ്യ നേതാക്കളിലൊരാളും നിരവധി മഹല്ലുകളുടെ ഖാദിയുമായ പാണക്കാട് ഹൈദരലി തങ്ങളുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അറിയിച്ചു. സൗമ്യ സാന്നിധ്യവും സർവാദരണീയനായ നേതാവും ആയിരുന്നു.
മുസ്ലിം സമുദായത്തിന്റെ പൊതുവിഷയങ്ങളിൽ എപ്പോഴും കൃത്യതയോടെ ഉറച്ച നിലപാടാണ് സ്വീകരിച്ചിരുന്നത്. ലക്ഷക്കണക്കിന് നിരാലംബർക്ക് സാന്ത്വനമായിരുന്നു തങ്ങൾ. ജനാധിപത്യ മതേതര വിശ്വാസികൾക്ക് വലിയൊരു നേതാവിനെയാണ് തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് കെ.കെ.എം.എ വാർത്താകുറിപ്പിൽ അറിയിച്ചു.
കുവൈത്ത് സിറ്റി: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പക്വതയിലും പാണ്ഡിത്യത്തിലും നേതൃപാടവത്തിലും സംഘാടന ശേഷിയിലും മാതൃകയായ കർമശ്രേഷ്ഠനായിരുന്നു ഹൈദരലി തങ്ങൾ.
വിയോജിക്കുന്നവർ പോലും ബഹുമാനിച്ചിരുന്ന മഹാവ്യക്തിത്വവും പാണക്കാട് കുടുംബത്തിലെ മറ്റൊരു സാത്വിക നക്ഷത്രവുമായിരുന്നു അദ്ദേഹമെന്ന് ഐ.എം.സി.സി അനുശോചന കുറിപ്പിൽ പറഞ്ഞു.
കുവൈത്ത് സിറ്റി: ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി റീജൻസി ഗ്രൂപ്പ് അറിയിച്ചു. ജീവിതയാത്രയിലെ വഴികാട്ടിയായിരുന്ന, ദീർഘകാലത്തെ ആത്മബന്ധമുള്ള ജ്യേഷ്ഠസഹോദരനെയാണ് നഷ്ടമായതെന്ന് ഗ്രൂപ് ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ പറഞ്ഞു. വിദഗ്ധ ചികിത്സക്കായി അമേരിക്കയിൽപോയ സമയത്തുകൂടെ യാത്ര ചെയ്യാനും ദിവസങ്ങളോളം അടുത്തിടപഴകാനുമായത് ജീവിത ഭാഗ്യമായി കരുതുന്നു. സമൂഹം മുഴുവൻ അംഗീകരിക്കുന്ന മഹാത്മാവിെൻറ വിയോഗം വലിയ നഷ്ടം തന്നെയാണെന്ന് ഗ്രൂപ് മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ പറഞ്ഞു.
യാത്രകളിൽ കിട്ടുന്ന ഒഴിവുസമയങ്ങളിൽ എല്ലാം ദൈവത്തിന് സ്തുതി അർപ്പിക്കാനും പരിശുദ്ധ ഖുർആനും മറ്റു ഗ്രന്ഥങ്ങളും പാരായണം ചെയ്യാനുമായിരുന്നു അദ്ദേഹം സമയം കണ്ടെത്തിയിരുന്നതെന്ന് ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ അബൂബക്കർ പറഞ്ഞു.
കുവൈത്ത് സിറ്റി: സൗമ്യമായ പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ ആർജ്ജവത്തിലൂടെയും മാതൃകയായ നേതാവും വ്യക്തിത്വവുമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് അനുശോചന കുറിപ്പിൽ പറഞ്ഞു. കേരളത്തിെൻറ മതനിരപേക്ഷതയും സാഹോദര്യ ഭാവവും നിലനിർത്താൻ ജാഗ്രതയോടെ നിലയുറപ്പിച്ചു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലവഹിച്ചിരുന്നു അദ്ദേഹം. ആയിരത്തോളം മഹല്ലുകളുടെ ഖാദി എന്ന നിലയിലും ശ്രദ്ധേയനാണ് ഹൈദരലി തങ്ങൾ. അദ്ദേഹത്തിെൻറ വിയോഗം സമൂഹത്തിന് വലിയ നഷ്ടമാണെന്നും കുടുംബത്തിെൻറയും സമൂഹത്തിെൻറയും ദുഃഖത്തിൽ പങ്കുചേരുന്നതായും ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് വൈസ് ചെയർമാൻ മുൻതസർ മജീദ് അനുശോചന കുറിപ്പിൽ പറഞ്ഞു.
കുവൈത്ത് സിറ്റി: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം സമൂഹത്തിന് വലിയ നഷ്ടമാണെന്ന് സിറ്റി ക്ലിനിക്ക് ഗ്രൂപ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. നിരവധി നിരാലംബർക്ക് തുണയായ സംവിധാനങ്ങളുടെയും സംരംഭങ്ങളുടെയും അമരക്കാരനാണ് അദ്ദേഹം.
രാഷ്ട്രീയത്തിലെയും മതസാമൂദായിക രംഗത്തെയും പൊതു സ്വീകാര്യതയുള്ള വ്യക്തിത്വം, സാമുദായിക സഹവർത്തിത്വം, ഉറച്ച പ്രതിബദ്ധതയുള്ള നേതാവ് എന്നീ നിലകളിൽ അദ്ദേഹത്തിെൻറ സാന്നിധ്യം സമൂഹത്തിന് ബലമായിരുന്നു. വിയോഗത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി മാനേജ്മെൻറ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
കുവൈത്ത് സിറ്റി: മത-സാമൂഹിക-സാംസ്കാരിക മേഖലകളിൽ നിരവധി ഉന്നതസ്ഥാനമാനങ്ങൾ ഒരേസമയം വഹിക്കുകയും കടമകൾ സൂക്ഷ്മതയോടെയും ഉത്തരവാദിത്തത്തോടെയും നിർവഹിക്കുകയും ചെയ്ത നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം വരുത്തിവെച്ച നികത്താനാവാത്ത നഷ്ടം ഒരു പ്രദേശത്തിെൻറയല്ലെന്നും ജനതയുടേതാണെന്നും അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.