‘കാസർകോട് ഉത്സവം’ വേദിയിൽ പ്രവർത്തകർ (ഫയൽ ചിത്രം)
കുവൈത്ത് സിറ്റി: കുവൈത്തിലെ ആദ്യ ജില്ല സംഘടനയെന്ന പെരുമ കാസർകോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ കുവൈത്തിന് സ്വന്തം. ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി കാസർകോട്ടുകാര്‍ക്ക് ഒത്തുചേരാനും പരസ്പരം തണലാകാനുമുള്ള പൊതുവേദിയാണ് കെ.ഇ.എ.
സാമൂഹിക പ്രവർത്തകൻ സത്താര്‍ കുന്നിലാണ് ആശയം മുന്നോട്ടുവെച്ചത്. പ്രമുഖ സംഘടനാ പ്രവർത്തകരായ സഗീര്‍ തൃക്കരിപ്പൂര്‍, അപ്സര മഹ്മൂദ് എന്നിവരുമായി പങ്കുവെച്ചപ്പോൾ ആശയത്തിന് ചിറകുമുളച്ചു. ആദ്യ യോഗത്തില്‍ പെങ്കടുത്ത മൊയ്തു ഇരിയ, എൻജിനീയര്‍ അബൂബക്കർ, അഷ്റഫ് അയ്യൂര്‍, മുനവ്വര്‍ മുഹമ്മദ്, സി.എച്ച്. ഹസന്, ഖലീൽ അടൂർ, ബാലകൃഷ്ണന് ഉദുമ, അബ്ദുല്ല കൊടിവളപ്പ്, അബ്ദുല്ല ചൂരി, ഹരിഗോവിന്ദ് എന്നിവര്‍ ആവേശത്തോടെ കൂടെ നിന്നപ്പോൾ സജീവമായൊരു പ്രവാസി കൂട്ടായ്മക്ക് ജീവൻവെച്ചു.
17 വര്‍ഷമായി കുവൈത്തിലും നാട്ടിലുമായി കെ.ഇ.എ നടത്തിയ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അനവധിയാണ്. തുടർകാലങ്ങളിൽ സലാം കളനാട്, ഹമീദ് മധൂര്‍, അനിൽ കള്ളാർ, രാമകൃഷ്ണന് കള്ളാര്‍, മുനീർ കുണിയ എന്നിവരുടെ പ്രവര്‍ത്തനം മുതല്‍ക്കൂട്ടായി. സത്താർ കുന്നിൽ (മുഖ്യരക്ഷാധികാരി) ഖലീൽ അടൂർ (ചെയർമാൻ) പി.എ. നാസര്‍ (പ്രസിഡൻറ്), നളിനാക്ഷന് ഒളവറ (ജനറല്‍ സെക്രട്ടറി), സി.എച്ച്. മുഹമ്മദ് (ട്രഷറർ), സുധൻ ആവിക്കര (ഓർഗനൈസിങ് സെക്രട്ടറി), അസീസ് തളങ്കര (ചീഫ് കോഒാഡിനേറ്റർ) എന്നിവരാണ് ഇപ്പോൾ സംഘടനയെ നയിക്കുന്നത്.
സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ ഏഴ് ഏരിയാ കമ്മിറ്റിയും നിലവിലുണ്ട്. 2004ല്‍ സംഘടന രൂപവത്കരിച്ച കാലം മുതല്‍ നീണ്ട 16 വര്‍ഷം മുഖ്യരക്ഷാധികാരിയായിരുന്നു സഗീര്‍ തൃക്കരിപ്പൂര്‍. അദ്ദേഹത്തിെൻറ വിയോഗം തീരാനഷ്ടമായി മാറി.
കൃത്യമായ ലക്ഷ്യബോധത്തോടെയാണ് സംഘടന തുടക്കം മുതലേ പ്രവര്‍ത്തിച്ചത്. പ്രവാസി ജീവിതം നല്കുന്ന പിരിമുറുക്കങ്ങളെ മനസ്സിലാക്കി മാനസിക പിന്‍ബലം നൽകാന് ശ്രദ്ധിച്ചു. കാസർകോട് ഉത്സവമെന്ന പേരിൽ വര്‍ഷാവര്‍ഷം വാര്‍ഷിക സംഗമങ്ങള്‍ സംഘടിപ്പിച്ചു. കലാ കായിക മത്സരങ്ങളോടെയുള്ള ആഘോഷങ്ങള്‍ പ്രായഭേദമന്യേ ഏവര്‍ക്കും ആസ്വാദ്യമാക്കി. നാട്ടിൽനിന്ന് പ്രശസ്ത കലാ സാംസ്കാരിക പ്രവര്‍ത്തകരെ കുവൈത്തിലെത്തിക്കാറുണ്ട്. അതോടൊപ്പം കവൈത്ത് ഫെസ്റ്റ് എന്ന പേരില്‍ കാസർകോട്ടും സൗഹൃദ സംഗമങ്ങളും കുട്ടികള്‍ക്കായി കലാകായിക മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.
വിസ പ്രശ്നങ്ങളില്‍പ്പെട്ട് നിസ്സഹായരായവര്‍ക്ക് നിയമസഹായം നല്‍കിയും പൊതുമാപ്പ് വേളകളിലും അല്ലാതെയുമായി സന്നദ്ധ സേവനങ്ങളിലേർപ്പെട്ടും സംഘടന മാനുഷിക സേവന രംഗത്ത് മുദ്ര പതിപ്പിച്ചു.
കാഞ്ഞങ്ങാട്ടെ ജില്ല ആശുപത്രിയിലും കാസർകോട് താലൂക്ക് ആശുപത്രിയിലും സംഘടന സഹായങ്ങളെത്തിച്ചു. ജില്ല ആശുപത്രിയില്‍ 50 വാര്‍ഡുകളിലേക്ക് കബോര്‍ഡുകൾ നൽകുകയും താലൂക്ക് ആശുപത്രിയില്‍ കുഞ്ഞുങ്ങളുടെ ജീവന് രക്ഷാ ഉപകരണമായ സി പാപ് മിനി വെൻറിലേറ്റര്‍ സ്ഥാപിച്ച് നല്‍കുകയും ചെയ്തു. കാസർകോട് എൻഡോസൾഫാൻ ദുരിത ബാധിതരായ നൂറോളം കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും മരുന്നുകളും സംഘടന എത്തിച്ചുനല്‍കി. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ പഠിക്കുന്ന ബഡ്സ് സ്കൂളുകൾക്ക് സാധനസാമഗ്രികളും കമ്പ്യൂട്ടറുകളും എത്തിച്ചു നല്കി. നീലേശ്വരത്തെ പ്രത്യാശ ബഡ്സ് സ്കൂളിന് ഷെല്‍ട്ടര്‍ സ്ഥാപിച്ച് നല്കി. കേരളത്തിലെ രണ്ട് പ്രളയകാലത്തും സംഘടന അകമഴിഞ്ഞ് സഹായിച്ചു.
കോവിഡില്‍ ലോകംമുഴുവന്‍ വിറങ്ങലിച്ച് നിന്ന സമയത്തും കെ.ഇ.എ മറ്റു പ്രവാസി സംഘടനകളെ പോലെ ഉണർന്നു പ്രവർത്തിച്ചു. കോവിഡില്‍ പുറത്തിറങ്ങാനാവാതെ തൊഴിലില്ലാതെ ആരും പട്ടിണികിടക്കരുതെന്ന നിർണായക തീരുമാനം നേതൃത്വം കൈക്കൊണ്ടു. അടിയന്തര നടപടിയെന്നോണം 500 പേര്‍ക്ക്, സംഘടനാംഗങ്ങളും അല്ലാത്തവരുമായവര്‍ക്ക് അവശ്യവസ്തുക്കളും ഭക്ഷ്യവസ്തുക്കളുമടങ്ങിയ കിറ്റ് എത്തിച്ചു. കുവൈത്തിന് പുറത്തും അഞ്ഞൂറോളം കിറ്റുകള്‍ എത്തിച്ചു നല്കി.
ലോക്ഡൗൺ മൂലം കുവൈത്തിെൻറ പലഭാഗങ്ങളില്‍ ഒറ്റപ്പെട്ടുപോയവർക്കും കോവിഡ് ബാധിച്ച് ഹോം ക്വാറൻറീനിൽ കഴിയുന്നവർക്കും ഭക്ഷണവും മരുന്നും എത്തിച്ചു. വിമാനം ചാര്‍ട്ട് ചെയ്ത് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരെയും പ്രായമായവരെയും ഗര്‍ഭിണികളെയും കുട്ടികളെയും സുരക്ഷിതരായി നാട്ടിലെത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് നടപ്പാക്കി.
നിരവധി ബോധവത്കരണ ക്ലാസുകള്‍ പല മേഖലകളിലുമായി സംഘടിപ്പിച്ചു. രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസികളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി ഇൻവെസ്റ്റ്മെൻറ് ക്ലബ് രൂപവത്കരിച്ചു. കാസർകോട് ഇടനീരിൽ രണ്ട് ഏക്കർ സ്ഥലം സംഘടന വാങ്ങി, ഇതിൽ നിന്നും നിക്ഷേപകർക്ക് നല്ല രീതിയിലുള്ള ലാഭ വിഹിതം നൽകാനും സാധിച്ചു.
60 ആളുകൾക്കായി 25 ലക്ഷത്തോളം രൂപയാണ് പലിശ രഹിത വായ്പ അനുവദിച്ചത്. മരണപ്പെട്ടുപോയ അംഗങ്ങൾക്കുള്ള കുടുംബ സുരക്ഷാ സഹായം, ചികിത്സാ സഹായം, യാത്രാ സഹായം തുടങ്ങിയ പദ്ധതികളിലൂടെ അമ്പത് ലക്ഷത്തോളം രൂപയുടെ സഹായ വിതരണവും ഈ കാലയളവിൽ നൽകുകയുണ്ടായി.
കാസർകോട്ടേക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ അയക്കാനുള്ള തയാറെടുപ്പിലാണ് കെ.ഇ.എ. അതോടൊപ്പം നാട്ടില്‍ ഓക്സിജന്‍ ഫില്ലിങ് യൂനിറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.