കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിനായി പുറപ്പെടുവിച്ച ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന്കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കരടുനിയമം സർക്കാർ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ പ്രതികരിച്ചു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്നതായിരിക്കും നിർദ്ദിഷ്ട നിയമം. കർഫ്യൂ അവസാനിപ്പിച്ചതിന് കോവിഡ് പ്രതിസന്ധി തീർന്നെന്ന് അർഥമില്ല. നാം ജാഗ്രതയും കരുതലും തുടർന്നേ പറ്റൂ. നാം ഒരുമിച്ച് സൂക്ഷ്മതയോടെ നിലകൊണ്ടാൽ കോവിഡിനെ തുരത്താൻ കഴിയും. വിവിധ സർക്കാർ വകുപ്പുകൾ ഇതിനായി കഠിനാധ്വാനം ചെയ്യുകയാണ്.
ജനങ്ങളും ഇതുമായി സഹകരിക്കാൻ ബാധ്യസ്ഥരാണെന്ന് അദ്ദേഹം വ്യക്തമാക്കി. കർഫ്യൂ അവസാനിപ്പതോടെ ജനങ്ങൾ ജാഗ്രത കൈവിടുന്നതായി വിലയിരുത്തലുണ്ട്. നിരത്തുകൾ ഇപ്പോൾ സജീവമാണ്. രാജ്യത്ത് കോവിഡ് ഭീതി ഒഴിഞ്ഞിട്ടില്ല. വ്യാഴാഴ്ച മാത്രം 900 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 582 പേരാണ് രോഗമുക്തി നേടിയത്. െഎ.സി.യുവിലുള്ളവരുടെ എണ്ണവും മരണ നിരക്കും കുറഞ്ഞത് മാത്രമാണ് ആശ്വാസം. തണുപ്പുകാലത്ത് വീണ്ടും വൈറസ് ആഞ്ഞടിക്കുമോ എന്ന ആശങ്കയും അധികൃതർക്കുണ്ട്. ഇപ്പോൾ അധികം രോഗികൾ എത്തുന്നില്ലെങ്കിലും ജലീബ് അൽ ശുയൂഖിലെ ഉൾപ്പെടെ ഫീൽഡ് ആശുപത്രികൾ തുറന്നുവെച്ചിരിക്കുന്നത് ഇൗ ആശങ്ക കാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.