കുവൈത്ത് സിറ്റി: 24ാമത് എസ്.എം.സി.എ കലോത്സവത്തിെൻറ ഫൈനൽ മത്സരങ്ങൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ നടക്കും. 56 ഇനങ്ങളിലായി 1800ലധികം കലാകാരന്മാരാണ് കഴിഞ്ഞ രണ്ടാഴ്ചയായി കുവൈത്തിലെ നാല് ഏരിയകളിലായി നടത്തിയ പ്രാഥമിക മത്സരങ്ങളിൽ പങ്കെടുത്തത്. ഇതിൽ സമ്മാനാർഹരായവരാണ് ഫൈനൽ മത്സരങ്ങളിൽ മാറ്റുരക്കുന്നത്. മൂന്നര വയസ്സുമുതൽ 60 വരെയുള്ള മത്സരാർഥികൾ അഞ്ചു വേദികളിൽ മത്സരിക്കും. വിവിധ കലാമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അമ്പതോളം പേരാണ് വിധികർത്താക്കൾ. നാടോടിനൃത്തം, മോഹിനിയാട്ടം, ഭരതനാട്യം, പ്രസംഗം, മോണോ ആക്ട്, കഥാപ്രസംഗം തുടങ്ങി 27 വ്യക്തിഗത മത്സരങ്ങളും സംഘനൃത്തം, നാടകം തുടങ്ങി ഏഴ് ഗ്രൂപ്പിനങ്ങളുമുണ്ടാവും.
പ്രായമനുസരിച്ച് അഞ്ചു വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഓരോ ഗ്രൂപ്പിലെയും ഏറ്റവുമധികം പോയൻറ് ലഭിക്കുന്ന വ്യക്തിക്ക് കലാതിലകം/കലാപ്രതിഭ പട്ടം നൽകും. വിജയികൾക്കായി 450 ട്രോഫികളാണ് കരുതിയിരിക്കുന്നത്. 12,000ത്തിലധികം അംഗങ്ങളുള്ള സീറോ മലബാർ കൾചറൽ അസോസിയേഷൻ 2019-2020 വർഷം ജൂബിലി വിളംബര വർഷമായി കൊണ്ടാടുന്നു. അതിനു മുന്നോടിയായി ജനുവരി നാലിന് അൽ മൻസൂരിയ അറബി സ്പോർട്സ് ക്ലബിൽ വർണാഭമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പിന്നണി ഗായകരായ ഉണ്ണിമേനോൻ, ജ്യോത്സ്ന, രൂപ രേവതി എന്നിവർ നയിക്കുന്ന ഗാനമേള ചടങ്ങിലെ മുഖ്യ ആകർഷണമായിരിക്കുമെന്ന് പ്രസിഡൻറ് റിജോയ് കേളംപറമ്പിൽ, ജനറൽ സെക്രട്ടറി അനീഷ് തെങ്ങുംപള്ളി, ട്രഷറർ ജോഷി വല്ലച്ചിറക്കാരൻ, ആർട്സ് കൺവീനർ ജോണ ജോർജ് മഞ്ഞളി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.