കുവൈത്ത് സിറ്റി: വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്ക് എസ്.ഐ.ആർ നടപടികളുടെ ഭാഗമായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സാങ്കേതിക തടസം നീക്കി തെരഞ്ഞെടുപ്പ് കമീഷൻ.
ഇന്ത്യക്ക് പുറത്തുള്ള ജന്മസ്ഥലം രേഖപ്പെടുത്താൻ സൗകര്യം, പുതിയ പാസ്പോർട്ടുള്ള പ്രവാസികൾക്ക് പേര് ചേർക്കുന്നതിനുള്ള സൗകര്യം എന്നിവ എസ്.ഐ.ആർ അപേക്ഷയിൽ ഉൾപ്പെടുത്തി. പ്രവാസികളുടെ നിരന്തര ആവശ്യങ്ങൾക്കും ആശങ്കൾക്കുമിടെ ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി.
എസ്.ഐ.ആറിൽ ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഇന്ത്യക്ക് പുറത്തുള്ള ജന്മസ്ഥലം രേഖപ്പെടുത്താൻ സൗകര്യമില്ലാത്തത് പ്രവാസികളെ ആശങ്കയിലാക്കിയിരുന്നു.
ഇതിന് പരിഹാരമായി വിദേശത്ത് ജനിച്ച പ്രവാസികൾക്ക് ഓൺലൈനിന് പകരം ഓഫ് ലൈനായി ഫോം ആറ് എ വഴി അപേക്ഷിക്കാം.
അപേക്ഷാഫോറത്തിൽ ‘ഇന്ത്യക്ക് പുറത്ത്’ എന്ന ഓപ്ഷനും ജനിച്ച രാജ്യവും രേഖപ്പെടുത്താം. ബി.എൽ.ഒ വഴിയോ ഇ.ആർ.ഒ വഴിയോ ആണ് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകേണ്ടത്.
ബി.എൽ.ഒക്ക് നേരിട്ട് അയക്കുകയോ ബന്ധുക്കൾ വഴി അപേക്ഷ സമർപ്പിക്കുകയോ ചെയ്യാം.
വോട്ടർപട്ടിക പുതുക്കുന്ന ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന എറോനെറ്റ്, ബി.എൽ.ഒ ആപ് എന്നിവയിൽ ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളുടെ പേര് രേഖപ്പെടുത്താൻ സൗകര്യം ലഭ്യമായെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു ഖേൽക്കർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പുതിയ പാസ്പോർട്ടുള്ള പ്രവാസികൾക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സാങ്കേതിക തടസ്സവും പരിഹരിച്ചിട്ടുണ്ട്. പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തുന്നതിലെ സോഫ്റ്റ്വെയർ മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്. പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാൻ പാസ്പോർട്ട് വിവരങ്ങൾ നിർബന്ധമാണ്. അതേസമയം പാസ്പോർട്ടിലെ രണ്ട് രീതിയിലുള്ള അക്കങ്ങളാണ് പ്രശ്നമായിരുന്നത്. അതേസമയം, ഇതുവരെ ഫോം ആറ് എ വഴി 1,37,162 പ്രവാസികൾ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ സമർപ്പിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.