കുവൈത്ത് ജനസംഖ്യയിൽ അഞ്ച് ശതമാനം വർധനവ്

കുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യയിൽ അഞ്ച് ശതമാനം വർധന. കഴിഞ്ഞ വർഷം കുവൈത്തിലെ ജനസംഖ്യ 4.988 ദശലക്ഷത്തിൽനിന്ന് അഞ്ച് ശതമാനം വർധിച്ച് 5.237 ദശലക്ഷമായി. എന്നാൽ കുവൈത്ത് പൗരന്മാരുടെ എണ്ണം കുറഞ്ഞു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പി.എ.സി.ഐ) പുതിയ റിപ്പോർട്ടിലാണ് കണക്കുകൾ.

മുൻ വർഷത്തെ 1.68 ദശലക്ഷത്തിൽനിന്ന് കഴിഞ്ഞ വർഷം അവസാനത്തോടെ കുവൈത്തികളുടെ ജനസംഖ്യ 1.563 ദശലക്ഷമായി. കുവൈത്തിലെ മൊത്തം ജനസംഖ്യയിൽ സ്വദേശികളുടെ ശതമാനം 2024 അവസാനത്തോടെ 31.4 ശതമാനം ആയിരുന്നത് കഴിഞ്ഞ വർഷം അവസാനത്തോടെ 29.85 ശതമാനമായി കുറഞ്ഞു. അതേസമയം പ്രവാസികളുടെ എണ്ണം 7.3 ശതമാനം വർധിച്ച് 3.42 ദശലക്ഷത്തിൽ നിന്ന് 3.67 ദശലക്ഷമായി. മൊത്തം ജനസംഖ്യയുടെ 71.5 ശതമാനമാണിത്.

കുവൈത്തിലെ പ്രവാസികളുടെ എണ്ണത്തിൽ ഇന്ത്യക്കാരുടെ ആധിപത്യം തുടരുകയാണ്. ഒരു വർഷം മുമ്പ് 1.008 ദശലക്ഷമായിരുന്നത്ക ഴിഞ്ഞ വർഷം അവസാനത്തോടെ 1.059 ദശലക്ഷമായി വർധിച്ചു. കുവൈത്തിലെ മൊത്തം ജനസംഖ്യയുടെ 20 ശതമാനവും പ്രവാസികളിൽ 29 ശതമാനവും ഇന്ത്യൻ സമൂഹമാണ്. പ്രവാസികളിൽ രണ്ടാംസ്ഥാനത്ത് ഈജിപ്തുകാരാണ്. 667,000 ഈജിപ്തുകാർ കുവൈത്തിലുണ്ട് (18 ശതമാനം). മൂന്നാം സ്ഥാനത്ത് ബംഗ്ലാദേശികളാണ് (324,000), നാലാം സ്ഥാനത്ത് ഫിലിപ്പീൻസുകാരാണ് (226,000).

സ്വകാര്യ മേഖലയിൽ 30.8 ശതമാനം ഇന്ത്യക്കാർ

പ്രവാസികളിൽ 856,000 പേർ ഗാർഹിക സഹായികളാണ്. ഇവരിൽ നാലു ശതമാനം വർധന ഉണ്ടായി. കഴിഞ്ഞ വർഷം ഇത് 823,000 ആയിരുന്നു. കുവൈത്തിലെ മൊത്തം ജനസംഖ്യയുടെ 16 ശതമാനവും മൊത്തം തൊഴിൽ ശക്തിയുടെ 27 ശതമാനവും ഗാർഹിക സഹായികളാണ്. ഗാർഹിക സഹായികളില്ലാത്ത തൊഴിലാളികളിൽ 22 ശതമാനം സർക്കാർ മേഖലയിലും 78 ശതമാനം പേർ സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്നു.

സർക്കാർ ജീവനക്കാരിൽ മുക്കാൽ ഭാഗവും കുവൈത്തികളാണ്. എന്നാൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളിൽ കുവൈത്ത് പൗരന്മാർ 3.7 ശതമാനം മാത്രമാണ്. സ്വകാര്യ മേഖലയിലെ ജീവനക്കാരിൽ 30.8 ശതമാനം ഇന്ത്യക്കാരാണ്. 23.9 ശതമാനമുള്ള ഈജിപ്തുകാരാണ് രണ്ടാമത്. മൊത്തം പ്രവാസി തൊഴിലാളികളിൽ 33.9 ശതമാനവും ഇന്ത്യക്കാരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Tags:    
News Summary - Kuwait's population increases by five percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.