കുവൈത്ത് സിറ്റി: രാജ്യത്ത് ഏതാനും ദിവസങ്ങൾ കൂടി അതികഠിനമായ ചൂടുള്ള കാലാവസ്ഥ തുടരും. കാലാനുസൃതമായ ഇന്ത്യൻ ന്യൂനമർദ്ദ മേഖലയുടെ സ്വാധീനം കുവൈത്തിൽ അനുഭവപ്പെടുമെന്നും, അതികഠിനമായ ചൂടും താരതമ്യേന ഉയർന്ന ആർദ്രതയുമുള്ള വായുപ്രവാഹം ഉണ്ടാകുമെന്നും കാലാവസ്ഥാ ഭൂപടങ്ങളും സംഖ്യാധിഷ്ഠിത മാതൃകകളും സൂചിപ്പിക്കുന്നതായി വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ദിരാർ അൽ അലി പറഞ്ഞു. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള കാറ്റും സജീവമാകും.
വെള്ളിയാഴ്ച പകൽ സമയം അതികഠിനമായ ചൂടും തീരപ്രദേശങ്ങളിൽ താരതമ്യേന ഉയർന്ന ആർദ്രതയും അനുഭവപ്പെടും. കാറ്റ് തെക്കുകിഴക്ക് ദിശയിലോ അല്ലെങ്കിൽ ദിശ മാറിക്കൊണ്ടിരിക്കുന്ന രീതിയിലോ വീശാൻ സാധ്യതയുണ്ട്. മണിക്കൂറിൽ എട്ടു മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. ഇടക്കിടെ മേഘാവൃതമായ അന്തരീക്ഷവും പ്രതീക്ഷിക്കാം.
ഉയർന്ന താപനില 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയാകാം. കടൽ താരതമ്യേന ശാന്തമായിരിക്കും. വെള്ളിയാഴ്ച രാത്രിയിൽ തീരപ്രദേശങ്ങളിൽ താരതമ്യേന ഉയർന്ന ആർദ്രതയോടൊപ്പം ചൂടുള്ളതോ മിതമായ ചൂടുള്ളതോ ആയ കാലാവസ്ഥയായിരിക്കും. കുറഞ്ഞ താപനില 28 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ കണക്കാക്കുന്നു.
ശനിയാഴ്ച പകൽ ചൂടുള്ളതായിരിക്കും. മണിക്കൂറിൽ എട്ടു മുതൽ 30 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് വീശും. ഉയർന്ന താപനില 48 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ശനിയാഴ്ച രാത്രി കാലാവസ്ഥ ചൂടുള്ളതോ ഊഷ്മളമോ ആയിരിക്കും. കുറഞ്ഞ താപനില 29 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.