കുവൈത്ത് സിറ്റി: വൈദ്യുതി കേബിളുകൾ മോഷ്ടിച്ചതിന് ഏഴു പേർ പിടിയിൽ. നാല് ഏഷ്യക്കാരെയും മൂന്ന് അറബികളെയുമാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി കേബിളുകൾ മോഷ്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ തീവ്ര സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
മോഷ്ടിച്ച വൈദ്യുതി കേബിളുകളെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ഫർവാനിയ അന്വേഷണ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഏഷ്യൻ പൗരത്വമുള്ള നാലു പേരെ അറസ്റ്റുചെയ്തത്.
പരിശോധനയിൽ ഒരു ടൺ വൈദ്യുതി കേബിളുകൾ, ചെമ്പ് കേബിളുകൾ, വയറുകൾ, കേബിൾ മുറിക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു. മുബാറക് അൽ കബീർ ഗവർണറേറ്റിൽ അടച്ചിട്ട കടയിൽ നിന്ന് കേബിളുകൾ മോഷ്ടിച്ച അറബ് പൗരത്വമുള്ള മൂന്ന് പേരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ഇവരിൽ നിന്നും വൈദ്യുതി കേബിളുകൾ കണ്ടെത്തി. അറസ്റ്റിലായവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം ജനറൽ ഡിപ്പാർട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.