കുവൈത്ത് സിറ്റി: കുവൈത്തിൽ സ്കൂളുകൾ തുറക്കാൻ വൈകും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ച നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ സമയമെടുക്കുമെന്ന് റിപ്പോർട്ട്. കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനുള്ള പ്രായോഗിക തടസ്സങ്ങളാണ് സ്കൂളുകൾ നേരേത്ത തുറക്കുന്നതിന് വിലങ്ങുതടിയാകുന്നത്.കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനാണ് ഓൺലൈൻ ക്ലാസുകൾ കുറേക്കൂടി തുടരാൻ തീരുമാനിച്ചത്.
രാജ്യത്തെ സ്കൂളുകൾ തുറന്നുപ്രവർത്തിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നേരേത്ത പ്രാഥമിക തയാറെടുപ്പുകൾ ആരംഭിച്ചിരുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതോടെയാണ് സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കുന്നതിന് അധികൃതർ തയാറെടുപ്പ് ആരംഭിച്ചത്. എന്നാൽ, അതിനുശേഷം കേസുകൾ വർധിക്കുകയായിരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച് മുതൽ കുവൈത്തിൽ സ്കൂളുകൾക്ക് അവധിയാണ്. ഓൺലൈനായാണ് സർക്കാർ വിദ്യാലയങ്ങളും ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ സ്വകാര്യ വിദ്യാലയങ്ങളും പ്രവർത്തിക്കുന്നത്. നേരിട്ടുള്ള അധ്യയനത്തിന് ഒാൺലൈൻ ക്ലാസുകൾ പകരമാകില്ലെന്ന് അധികൃതർക്ക് ബോധ്യമുണ്ട്.
അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പലവിധ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നു. എന്നാൽ, അതിനെല്ലാം ഉപരിയായി കുട്ടികളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ പ്രധാനമായി കണ്ടാണ് ഒാൺലൈൻ അധ്യയനം തുടരാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.