സലാം എയറിന്റെ പതിനെട്ടാമത് എയർബസ് എ320 നിയോ വിമാനം ബുധനാഴ്ച സലാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയപ്പോൾ

സലാം എയർ വിമാനവ്യൂഹത്തിൽ ഇനി ‘സലാല’യും

സലാല: ഒമാനിലെ ബജറ്റ് എയർലൈനായ സലാം എയർ തങ്ങളുടെ വിമാന വ്യൂഹം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പതിനെട്ടാമത് എയർബസ് എ320 നിയോ വിമാനം കൂടി ഉൾപ്പെടുത്തി. വ്യോമയാന ബന്ധം ശക്തമാക്കുന്നതിനും രാജ്യത്തെ ടൂറിസം മേഖലക്ക് പിന്തുണ നൽകുന്നതിനുമായാണ് ‘സലാല’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ വിമാനം സലാം എയർ സ്വന്തമാക്കിയത്. ബുധനാഴ്ച സലാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഔദ്യോഗിക വരവേൽപ് നൽകിയ വിമാനം, മസ്‌കത്തിനും സലാലക്കുമിടയിലാണ് കന്നി വാണിജ്യ സർവീസ് നടത്തിയത്.

സ്വീകരണ ചടങ്ങിൽ സർക്കാർ പ്രതിനിധികൾ, വ്യോമയാന പങ്കാളികൾ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്തു. പുതിയ വിമാനം സലാംഎയറിന്റെ പ്രവർത്തന ശേഷി വധിപ്പിക്കുകയും റൂട്ട് ശൃംഖല വിപുലീകരിക്കുന്നതിനും കൂടുതൽ സൗകര്യമൊരുക്കുമെന്ന് സലാം എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഡ്രിയാൻ ഹാമിൽട്ടൺ മാൻസ് പറഞ്ഞു. ഈ വർഷത്തെ വിമാന വ്യൂഹ വിപുലീകരണം വിയന്ന, മൈദാൻ, മൊഗാദിഷു, കിഗാലി, സിൽഹെറ്റ് എന്നീ പുതിയ നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കാൻ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി.

വിമാന സർവീസുകൾ വർധിപ്പിക്കുന്നതിനും യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമായി ഒമാൻ എയർപോർട്ട്സ് കമ്പനി വിമാനക്കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്ന് സലാല എയർപോർട്ട് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സകരിയ ബിൻ യാക്കൂബ് അൽ ഹാരിസി പറഞ്ഞു. പുതിയ വിമാനം കൂടിയെത്തിയതോടെ സലാം എയറിന്റെ വിമാന വ്യൂഹത്തിൽ ഇപ്പോൾ 18 എയർബസ് എ320 നിയോ വിമാനങ്ങളാണുള്ളത്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലായി 40 ലേധികം ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സലാം എയർ നിലവിൽ സർവീസ് നടത്തുന്നത്.

Tags:    
News Summary - Salam Air adds 'Salala' to its fleet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.