കുവൈത്ത് സിറ്റി: സുലൈബിഖാത്ത് ബീച്ച് പ്രദേശത്ത് ഡ്രോണുകൾ ഉപയോഗിച്ച് പക്ഷികളെ ചിത്രീകരിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇ.പി.എ). പ്രദേശത്ത് ഇത്തരത്തിലുള്ള സംഭവങ്ങൾ തുടർച്ചയായി നടക്കുന്നതായ സോഷ്യൽ മീഡിയ റിപ്പോർട്ടുകളെ തുടർന്നാണ് മുന്നറിയിപ്പ്. പരിസ്ഥിതി നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഇ.പി.എ പൊതുജനങ്ങളോട് അഭ്യർഥിച്ചു. സുലൈബിഖാത്ത് പോലുള്ള തീരപ്രദേശങ്ങൾ തദ്ദേശീയ പക്ഷികളുടെയും ദേശാടനപക്ഷികളുടെയും പ്രധാന ആവാസ കേന്ദ്രമാണ്.
പക്ഷികളുടെയോ കൂട്ടങ്ങളുടെയോ മുകളിലൂടെ ഡ്രോണുകൾ പറത്തൽ, ജീവികളെ ശല്യപ്പെടുത്തൽ എന്നിവ അവയെ അപകടത്തിലാക്കുമെന്നും സ്വാഭാവി ക സ്വഭാവത്തെയും പ്രജനന ചക്രങ്ങളെയും തടസ്സപ്പെടുത്തുമെന്നും ഇ.പി.എ ചൂണ്ടിക്കാട്ടി.
വന്യജീവികളെ വേട്ടയാടൽ, കൊല്ലൽ, പിടിക്കൽ, ഉപദ്രവിക്കൽ, കൈവശം വെക്കൽ, കടത്തൽ, അവയുടെ കുഞ്ഞുങ്ങൾ, മുട്ടകൾ, കൂടുകൾ ആവാസ വ്യവസ്ഥകൾ എന്നിവയെ ശല്യപ്പെടുത്തൽ എന്നിവ പരിസ്ഥിതി സംരക്ഷണ നിയമം നിരോധിക്കുന്നു. ഇ.പി.എമായി ഏകോപിപ്പിച്ച് ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതിയോടെ ശാസ്ത്രീയ ആവശ്യങ്ങൾക്ക് മാത്രമേ ഇവയിൽ ഇളവ് അനുവദിക്കൂ.
വന്യജീവികളെ നേരിട്ട് ഉപദ്രവിക്കുന്നത് ഒഴിവാക്കാൻ ഫോട്ടോഗ്രാഫർമാരും ഡ്രോൺ ഉപയോക്താക്കളും പരിസ്ഥിതി നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ഇ.പി.എ ഊന്നിപ്പറഞ്ഞു. വന്യജീവികളുടെ ഉപേക്ഷിക്കപ്പെട്ട കൂടുകൾ, വിഹാര കേന്ദ്രങ്ങൾ, പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് കേടുപാടുകൾ എന്നിവ ഇതിന് കാരണമാകാമെന്നും ചൂണ്ടിക്കാട്ടി.
വന്യജീവികൾക്ക് ഭീഷണിയാകുന്ന നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണം ദേശീയ ഉത്തരവാദിത്തമാണെന്നും രാജ്യത്തെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് നിയമം കർശനമായി പാലിക്കണമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.