ഇന്ത്യൻ എംബസിയിൽ അംബാസഡർ പരമിത ത്രിപതി റിപ്പബ്ലിക് ദിന സന്ദേശം നൽകുന്നു
കുവൈത്ത് സിറ്റി: ദേശസ്നേഹ നിറവിൽ റിപ്പബ്ലിക് ദിനാഘോഷം കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ 77ാമത് റിപ്പബ്ലിക് ദിനാഘോഷം. വൈവിധ്യമാർന്ന പരിപാടികളോടെ എംബസി റിപ്പബ്ലിക് ദിനം കൊണ്ടാടി.
രാവിലെ 8.30ന് എംബസി അങ്കണത്തിൽ രാഷ്ട്രപിതാവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി അംബാസഡർ പരമിത ത്രിപതിചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ദേശീയ പതാക ഉയർത്തി രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം അംബാസഡർ വായിച്ചുകേൾപ്പിച്ചു.
റിപ്പബ്ലിക് ദിനം ഐക്യത്തിന്റെയും അഭിമാനത്തിന്റെയും സന്ദേശമാണെന്നും പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമവും സുരക്ഷയും എംബസിയുടെ മുൻഗണനയാണെന്നും അംബാസഡർ പറഞ്ഞു.
കുവൈത്തിലുള്ള എല്ലാ ഇന്ത്യക്കാർക്കും സ്വദേശികൾക്കും ആശംസ നേർന്ന അംബാസഡർ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി മുന്നോട്ടുപോവുകയാണെന്ന് കൂട്ടിച്ചേർത്തു. ദേശസ്നേഹം അലയടിച്ച ചടങ്ങിൽ സംബന്ധിക്കാൻ സമൂഹത്തിന്റെ വിവിധതുറകളിൽപ്പെട്ട നിരവധി പേർ എംബസി അങ്കണത്തിൽ തടിച്ചുകൂടി. ദേശീയ പതാകയുടെ നിറങ്ങൾ അണിഞ്ഞും ചെറുകൊടികൾ കൈയിലേന്തിയുമാണ് ഇന്ത്യൻ പ്രവാസികൾ എത്തിയത്.
കുവൈത്തിലെ സ്കൂൾ വിദ്യാർഥികളുടെയും വിവിധ സംഘടനകളുടെയും ദേശഭക്തി നിറഞ്ഞ സംഗീത, നൃത്ത പരിപാടികൾ ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി. ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികൾ, വ്യവസായികൾ, ഡോക്ടർമാർ, എൻജിനീയർമാർ, മറ്റ് പ്രഫഷണലുകൾ, ഗാർഹിക ജോലിക്കാർ തുടങ്ങി വിവിധ തുറകളിലുള്ളവർ കുവൈത്തിലെ കടുത്ത തണുപ്പിനിടയിലും ചടങ്ങിനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.