കുവൈത്ത് സിറ്റി: ചെങ്കണ്ണ് കാരണം കോഴിക്കോട്ടുനിന്ന് കുവൈത്തിലേക്കുള്ള കുടുംബത്തിന് വിമാനയാത്ര മുടങ്ങി. ശനിയാഴ്ച രാവിലെയാണ് സംഭവം. എയർപോർട്ടിലെത്തിയ ഇവരെ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതുമൂലം ഡോക്ടർ പരിശോധിക്കുകയും യാത്രചെയ്യാൻ സാധിക്കുകയില്ലെന്ന് അറിയിക്കുകയുമായിരുന്നു.
മലപ്പുറം തിരൂർ നിറമരുതൂരിൽനിന്നുള്ള ഭർത്താവും ഭാര്യയും മകളുമടങ്ങുന്ന കുടുംബം ഇതോടെ തിരികെ പോയി. ഭാര്യക്കും മകൾക്കും കണ്ണിൽ അസുഖമുണ്ടായിരുന്നു. ഇവർക്ക് യാത്രാതടസ്സം അറിയിച്ചതോടെ ഭർത്താവും ടിക്കറ്റ് കാൻസൽ ചെയ്യുകയായിരുന്നു. രാവിലെയുള്ള എയർ ഇന്ത്യ എക്സ്പ്രസിനാണ് ഇവർ ടിക്കറ്റ് എടുത്തിരുന്നത്. ആരോഗ്യപ്രശ്നമുള്ളവർ യാത്രക്കുമുമ്പ് ഡോക്ടററെ കാണുകയും യാത്രാതടസ്സമുണ്ടാകില്ലെന്ന് ഉറപ്പാക്കുന്നതും നല്ലതാണെന്ന് അർശ് ട്രാവൽസ് അധികൃതർ അറിയിച്ചു. രണ്ടു ദിവസം മുമ്പ് മറ്റൊരു ചെങ്കണ്ണ് രോഗിക്കും യാത്ര തടസ്സപ്പെട്ടിരുന്നു.
അതേസമയം, കോഴിക്കോട്ടുനിന്ന് കുവൈത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ശനിയാഴ്ച മൂന്ന് മണിക്കൂറോളം വൈകി. രാവിലെ 8.30ന് പുറപ്പെടേണ്ട വിമാനം 11.30 ഓടെയാണ് പുറപ്പെട്ടത്.
അടുത്തിടെയായി എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നത് പതിവാണെന്ന് ട്രാവൽസ് രംഗത്തുള്ളവർ ചൂണ്ടിക്കാട്ടി. നേരത്തെ കുവൈത്ത് സെക്ടറിൽ കാര്യമായ വൈകൽ പ്രശ്നം ഇല്ലായിരുന്നു. കോഴിക്കോട്ടുനിന്ന് വിമാനം പുറപ്പെടാൻ വൈകുന്നതോടെ കുവൈത്തിൽ എത്തി തിരികെ മടങ്ങുന്നതിനും സമയമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.