അൽഹംദുലില്ലാഹ്! നാം നമ്മുടെ നിത്യജീവിതത്തിൽ സാധാരണ ഉപയോഗിക്കുന്ന വാക്കാണത്. ഇവിടെ അറബ് ലോകത്ത് ജീവിക്കുന്നവരോട് വിശേഷം ചോദിച്ചാൽ അവർ ആദ്യം പറയുന്ന മറുപടി അൽഹംദുലില്ലാഹ് എന്നായിരിക്കും. നമ്മൾ മലയാളികളോട് വിശേഷം ചോദിച്ചാൽ പലപ്പോഴും നിരാശയിൽ ചാലിച്ച ങാ അങ്ങനെ തട്ടിയൊപ്പിച്ചുപോകുന്നു എന്ന മറുപടിയായിരിക്കും ലഭിക്കുക. കിട്ടിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയാൻ നാം ഇനിയും പഠിച്ചിട്ടുവേണമെന്നർഥം. ലഭിച്ച ഉപകാരങ്ങൾക്ക് നന്ദി പറയാതെ പോകുന്നത് സംസ്കാരമുള്ളവരുടെ ലക്ഷണമല്ല. ചെറിയ ഉപകാരത്തിനുപോലും നാം താങ്ക്സ് പറയാൻ മറക്കാറില്ല. മറ്റുള്ളവരോട് താങ്ക്സ് പറയാൻ ചെറുപ്പത്തിൽ തന്നെ കുട്ടികളെ മാതാപിതാക്കൾ പഠിപ്പിക്കുന്നത് കാണാം. എന്നാൽ എല്ലാ അനുഗ്രഹങ്ങളുടെയും യഥാർഥ ദാതാവിനോട് നന്ദി പറയാനും സ്തുതി പ്രകടിപ്പിക്കാനും നാം പലപ്പോഴും മറന്നുപോകുന്നു. അല്ലാഹു പറയുന്നു.
''പറയുക അവനാണ് നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങൾക്ക് കേൾവിയും കാഴ്ചയും ഹൃദയങ്ങളും നൽകി. എന്നിട്ടും നന്നേ കുറച്ചേ നിങ്ങൾ നന്ദി കാണിക്കുന്നുള്ളൂ.'' (വി. ഖുർആൻ 67:23).
സർവസ്തുതിയും അല്ലാഹുവിനാണ് എന്നാണ് അൽഹംദുലില്ലാഹ് എന്നതിന്റെ ലളിതമായ മലയാള പരിഭാഷ. ഹംദ് എന്ന വാക്കിൽ സ്തുതിയും പ്രശംസയും നന്ദിയും അടങ്ങിയിരിക്കുന്നു. അൽ ഹംദ് എന്ന് പറയുമ്പോൾ സ്തുതിയും നന്ദിയുമായിട്ട് എന്തൊക്കെയുണ്ടോ അതെല്ലാം എന്ന അർഥം ലഭിക്കുന്നു. നമുക്കെന്തെങ്കിലും ഉപകാരം ചെയ്താൽ നാം മറ്റുള്ളവരോട് പ്രകടിപ്പിക്കുന്നതാണ് ശുക്ർ അഥവാ നന്ദി.
മറ്റുള്ളവരുടെ മഹത്വവും ഔന്നത്യവും മനസ്സിലാക്കുമ്പോൾ നാം അവരോട് പ്രകടിപ്പിക്കുന്നതാണ് മദ്ഹ് അഥവാ സ്തുതിയും പ്രശംസയും. ശുക്റും മദ്ഹും (നന്ദിയും പ്രശംസയും) കൂടിച്ചേർന്നതാണ് ഹംദ്.
ദൈവത്തിന് സ്തുതിയായിരിക്കട്ടെ എന്ന് ഒരാൾ പറയുമ്പോൾ കേൾക്കുന്നയാൾ ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ എന്ന് മറുപടി പറയാറുണ്ട്. ഈ പറച്ചിലും മറുപറച്ചിലും എല്ലാം ഉൾക്കൊണ്ട സമഗ്രമായ വാക്കുകളാണ് അൽഹംദുലില്ലാഹ് എന്നത്. ഇന്നലെയും ഇന്നും നാളെയും ഇപ്പോഴും എപ്പോഴും നമുക്കറിയുന്നതും അറിയാത്തതുമായ എല്ലാകാര്യത്തിനും സ്തുതിക്കും നന്ദിക്കും യഥാർഥത്തിൽ അർഹനായിട്ടുള്ള അല്ലാഹുവിനാകുന്നു സർവ സ്തുതിയും എന്നാണ് ഇതിലൂടെ നാം പറയുന്നത്.
ഹംദിൽനിന്നാണ് ഹമീദ് ഉണ്ടാവുന്നത്. ഇപ്പറഞ്ഞ രൂപത്തിലുള്ള സ്തുതിക്ക് യഥാർഥത്തിൽ അർഹനായിട്ടുള്ളവൻ എന്നാണ് ഹമീദിന്റെ അർഥം. വിശുദ്ധ ഖുർആനിലെ ഒന്നാമത്തെ അധ്യായത്തിൽ തുടക്കത്തിൽ തന്നെ നമുക്കിങ്ങനെ വായിക്കാം.
''സ്തുതിയൊക്കെയും സർവലോക രക്ഷിതാവായ അല്ലാഹുവിനാണ്.'' (വി. ഖുർആൻ 1:2)
45ാമത്തെ അധ്യായത്തിലും സമാന ആശയം അല്ലാഹു വിശദീകരിക്കുന്നു.
''അതിനാൽ അല്ലാഹുവിനാകുന്നു സർവസ്തുതിയും. അവൻ ആകാശങ്ങളുടെ നാഥനാണ്. ഭൂമിയുടെയും നാഥനാണ്. സർവലോക സംരക്ഷകനും.'' (വി. ഖുർആൻ 45:36)
ഹമീദ് എന്ന പേര് 17 തവണ വിശുദ്ധ ഖുർആനിൽ ആവർത്തിച്ചുവന്നിട്ടുണ്ട്. അതിൽ 10 തവണയും ആരുടെയും ഒരു സ്തുതിയും നന്ദിയും ആവശ്യമില്ലാവിധം അനാശ്രയൻ എന്ന അർഥത്തിലുള്ള ഗനിയ്യ് എന്ന നാമത്തിന്റെ കൂടെയാണ് വന്നിട്ടുള്ളത്.
''ആരെങ്കിലും നന്ദി കാണിക്കുന്നുവെങ്കിൽ സ്വന്തം നന്മക്കുവേണ്ടിത്തന്നെയാണ് അവനതുചെയ്യുന്നത്. ആരെങ്കിലും നന്ദികേടു കാണിക്കുകയാണെങ്കിലോ, അറിയുക: തീർച്ചയായും അല്ലാഹു അന്യാശ്രയമില്ലാത്തവനും സ്തുത്യർഹനുമാണ്.'' (വി. ഖുർആൻ 31:12)
റമദാനിലെ നോമ്പ് വിശുദ്ധ ഖുർആൻ ലഭിച്ചതിനുള്ള നന്ദിപ്രകാശനമാണ്. പെരുന്നാളാവട്ടെ വിശ്വാസിയുടെ അതിലുള്ള സന്തോഷ പ്രകടനവുമാണ്. പെരുന്നാൾ പ്രഭാതങ്ങൾ തക്ബീറും തഹ്ലീലും തഹ്മീദും കൊണ്ട് മുഖരിതമാകുന്നത് അതുകൊണ്ടാണ്.
പ്രവാചകൻ മുഹമ്മദ് നബി (സ) പരിചയപ്പെടുത്തിയ അല്ലാഹുവിന്റെ 99 നാമങ്ങളുണ്ട്. അവക്ക് പുറമെ ഖുർആനിൽ പരാമർശിച്ചതും അല്ലാത്തതുമായ വേറെയും നാമങ്ങൾ അല്ലാഹുവിനുണ്ട്. എല്ലാ വിശിഷ്ട നാമങ്ങളും അല്ലാഹുവിന്റെതാണ് എന്നാണല്ലോ വേദ വാക്യം. അതിൽ പെട്ട ചില വിശുദ്ധ ദൈവനാമങ്ങളാണ് ഈ കോളത്തിലൂടെ വിശദീകരിക്കാൻ ശ്രമിച്ചത്. എല്ലാ നാമങ്ങളും മുഴുവൻ വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. കൂടുതൽ പഠനത്തിനും സൃഷ്ടാവായ പ്രപഞ്ചനാഥനെ യഥാവിധി മനസ്സിലാക്കാനും ഈ കുറിപ്പുകൾ ഒരു പ്രേരണയായിട്ടുണ്ടെങ്കിൽ അതുമതി. കരുണാവാരിധിയായ ദൈവം നമ്മെ സന്മാർഗത്തിലേക്കും വിശുദ്ധിയിലേക്കും നയിക്കട്ടെ.
''പ്രവാചകരെ, 'അവരോട് പറയുക: ' അല്ലാഹുവിനെ വിളിച്ച് പ്രാർഥിച്ച് കൊള്ളുക. അല്ലെങ്കില്‍ ' റഹ്മാനേ' (കരുണാമയനെ) എന്നു വിളിച്ച് പ്രാർഥിക്കുക. ഏത് പേരു വിളിച്ചും പ്രാർഥിച്ചു കൊള്ളുക. വിശിഷ്ട നാമങ്ങളൊക്കെയും അവന്നുള്ളതാകുന്നു.'' (അല്‍ ഇസ്റാഅ് : 110)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.