കുവൈത്ത് സിറ്റി: ശനിയാഴ്ച മുതൽ രാജ്യത്ത് മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഞായറാഴ്ച മുതൽ അസ്ഥിര കാലാവസ്ഥ പ്രതീക്ഷിക്കുന്നു. ഈ സമയങ്ങളിൽ മിതമായതോ തീവ്രതയുള്ളതോ ആയ മഴക്ക് സാധ്യതയുണ്ട്. ശനിയാഴ്ച ഉച്ചക്ക് ശേഷം ആകാശം മേഘങ്ങൾ നിറഞ്ഞതാകും.
വൈകാതെ നേരിയതോ മിതമായതോ ആയ മഴ ആരംഭിക്കും. ഞായറാഴ്ച വൈകുന്നേരത്തോടെ അസ്ഥിര കാലാവസഥയിലേക്ക് മാറുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. മഴയുടെ സാധ്യത ക്രമേണ വർധിക്കും. ഇടിമിന്നലിന്റെ സാന്നിധ്യവും പ്രതീക്ഷിക്കാം.
ചില പ്രദേശങ്ങളിൽ ആലിപ്പഴം വീഴാനുള്ള സാധ്യതയുമുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാം. ഇത് പൊടിപടലങ്ങൾ ഇളക്കിവിടുകയും ദൃശ്യപരത കുറക്കുകയും ചെയ്യും. കടൽ തിരമാലകൾ ഏഴടിയിലധികം ഉയരാം. ഉയർന്ന വായുവിന്റെ മുന്നേറ്റം രാത്രി മൂടൽമഞ്ഞ് രൂപപ്പെടാൻ കാരണമാകും. ഇതും ദൃശ്യപരത കുറയുന്നതിന് കാരണമാകും. തിങ്കളാഴ്ച ഉച്ചയോടെ മഴ കുറയും.
മുൻവർഷങ്ങളിലേതിന് സമാനമായി ഈ വർഷം രാജ്യത്ത് മഴ എത്തിയിട്ടില്ല. രാജ്യത്തെ കാർഷിക മേഖലക്കും മറ്റും മഴ അനിവാര്യമാണ്. അതിനിടെ മഴക്കാലം മുന്നിൽ കണ്ട് രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കിയതായി ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു.
അതേസമയം, ശൈത്യകാല അവസാന സീസൺ ഫെബ്രുവരി 10 മുതൽ ആരംഭിക്കും. 26 ദിവസം നീളുന്ന ഈ ഘട്ടത്തിൽ കൂടിയ തണുപ്പ് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷ. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി രാജ്യത്ത് ഈ വർഷം ശീതകാലം കടന്നുപോകുന്നത് ഉയർന്ന താപനിലയിലൂടെയാണ്.
കഴിഞ്ഞ ആറ് വർഷമായി ഇതേ കാലയളവിൽ രേഖപ്പെടുത്തിയ താപനിലയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ഏറ്റവും ഉയർന്ന താപനിലയാണ് അനുഭവപ്പെട്ടത്. ശനിയാഴ്ചയിലെ മഴക്കൊപ്പം താപനിലയിലും വലിയ ഇടിവുണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.