കുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂട് തുടരുന്നു. രാജ്യത്തെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ 50 ഡിഗ്രിയിലേറെ താപനില രേഖപ്പെടുത്തി. ചൂടിൽ ആരോഗ്യം സംരക്ഷിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം ഉണർത്തി. ഉയർന്ന താപനില ആരോഗ്യത്തെ പലരൂപത്തിൽ ബാധിക്കും.
താപനിലയിലെ വർധനവിന്റെ കാലത്ത് വ്യക്തിപരവും സാമൂഹികവുമായ ജാഗ്രത ആവശ്യമാണെന്നും മന്ത്രാലയം സൂചിപ്പിച്ചു. ചൂടുകാലത്ത് ചിലരിൽ ക്ഷീണവും ആലസ്യവും അനുഭവപ്പെടാം. കടുത്ത ചൂട്, നിർജലീകരണം, ശരീരത്തിന്റെ സുപ്രധാന പ്രവർത്തനങ്ങളിലെ അസന്തുലിതാവസ്ഥ എന്നിവ കാരണമാണിത്.
ശരീര താപനിലയിലെ കുത്തനെയുള്ള വർധന നിർജലീകരണം, ഹീറ്റ് സ്ട്രോക്ക് എന്നിവക്ക് കാരണമാകാം. ചൂടിൽ ശരീരത്തിൽ ദ്രാവകങ്ങളുടെയും ലവണങ്ങളുടെയും കുറവ് ഉണ്ടാകാം. ഇവയെ മറികടക്കാൻ ജാഗ്രത വേണം.
ശരീരത്തിൽ ദ്രാവകങ്ങൾ കുറയുമ്പോൾ ഉണ്ടാകുന്ന നിർജലീകരണം തലവേദന, ക്ഷീണം, വരണ്ട വായ എന്നിവക്ക് കാരണമാകും. ചൂട് പ്രായമായവരിലും രോഗികളിലും രക്തസമ്മർദ്ദത്തിന്റെ അളവുകൾ വ്യത്യാസപ്പെടുത്തും. ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥക്കും കാരണമാകും. ഇത് സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു.
കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, ഹൃദ്രോഗമുള്ളവർ എന്നിവർ ചൂടുകാലത്ത് കൂടുതൽ ജാഗ്രത പാലിക്കണം. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.
അറിഞ്ഞിരിക്കണം ഹീറ്റ് സ്ട്രോക്ക്
വെള്ളംകുടി ഒഴിവാക്കേണ്ട
അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കിൽ ഗുരുതരമായി അപകടകരമായി മാറുന്ന ഒന്നാണ് സൂര്യാഘാതം അഥവാ ഹീറ്റ് സ്ട്രോക്ക്. അന്തരീക്ഷ താപനില വളരെ ഉയരുകയും ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുകയും ചെയ്യുന്ന അവസ്ഥയാണ് ഹീറ്റ് സ്ട്രോക്ക്. ഇത് പലപ്പോഴും വർധിച്ച ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, തലകറക്കം, ഓക്കാനം, ചൂടുള്ളതും വരണ്ടതുമായ ചർമം, പേശികളുടെ കോച്ചിപ്പിടിത്തം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആരംഭിക്കുന്നത്. ഗുരുതരമായ സാഹചര്യങ്ങളിൽ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും അബോധാവസ്ഥയിലേക്ക് നയിക്കുകയും ചെയ്തേക്കാം. ഹീറ്റ് സ്ട്രോക്ക് ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.
ദാഹമില്ലെങ്കിലും ദിവസം കുറഞ്ഞത് രണ്ടു മുതൽ മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. താപനില ഏറ്റവും ഉയർന്നതും ഹീറ്റ് സ്ട്രോക്ക് സാധ്യത കൂടുതലുമുള്ള രാവിലെ 11 മുതൽ വൈകുന്നേരം നാലു വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.