കുവൈത്ത് സിറ്റി: വിൻറർ ഷെഡ്യൂളിന്റെ ഭാഗമായി നിർത്തിവെച്ച കുവൈത്ത്-കണ്ണൂർ സർവിസ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നു. ഏപ്രിൽ മുതൽ കണ്ണൂർ സർവിസ് പുനരാരംഭിക്കുമെന്ന് എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു. എപ്രിൽ രണ്ടു മുതൽ വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലായി കണ്ണൂരിനും കുവൈത്തിനുമിടയിൽ ആഴ്ചയിൽ മൂന്ന് സർവിസുകളാണ് ഉണ്ടാകുക.
വിൻറർ ഷെഡ്യൂളിന്റെ ഭാഗമായി ഒക്ടോബർ മുതലാണ് കുവൈത്തിൽ നിന്ന് കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എയർഇന്ത്യ എക്സ്പ്രസ് സർവിസ് നിർത്തിവെച്ചത്. രണ്ട് വിമാനത്താവളങ്ങളിലേക്കും കുവൈത്തിൽനിന്ന് നേരിട്ട് മറ്റു വിമാനങ്ങൾ ഇല്ലാത്തതിനാൽ എയർഇന്ത്യ എക്സ്പ്രസ് നടപടി പ്രവാസികൾക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു.
കോഴിക്കോട് സർവിസ് മാർച്ച് ഒന്നു മുതൽ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ എക്സ്പ്രസ് നേരത്തെ അറിയിച്ചിരുന്നു. കോഴിക്കോട്ടേക്ക് ആഴ്ചയിൽ അഞ്ച് സർവിസ് ഉണ്ടാകും.
അതേസമയം, ആഘോഷങ്ങൾ, അവധിദിനങ്ങൾ, സ്കൂൾ അടക്കൽ തുടങ്ങിയ തിരക്കേറിയ സീസണിൽ നിലവിലുള്ള ടിക്കറ്റ് നിരക്കിന്റെ മൂന്നും നാലും മടങ്ങ് നിരക്ക് ഈടാക്കുകയും ഓഫ് സീസണിൽ വിമാനം റദ്ദാക്കുകയും ചെയ്യുന്ന എയർ ഇന്ത്യ എക്സ്പ്രസ് നടപടിയിൽ പ്രവാസികൾക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്. ഇത് പ്രവാസികളോടുള്ള വെല്ലുവിളിയാണെന്ന് വിവിധ സംഘടനകളും യാത്രക്കാരും ചൂണ്ടിക്കാട്ടി.
നേരിട്ട് സർവിസില്ലാത്തതിനാൽ വിവിധ കണക്ഷൻ വിമാനങ്ങൾ വഴിയാണ് പലരും നിലവിൽ നാട്ടിൽ പോയി വരുന്നത്. അമിത ചെലവും യാത്രാസമയവും ഇതുവഴി പ്രവാസികൾ നേരിടുകയാണ്.
വിമാന സമയക്രമം
കണ്ണൂർ
കണ്ണൂരിൽ നിന്ന് വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ വൈകീട്ട് 3.20ന് പുറപ്പെടുന്ന വിമാനം കുവൈത്തിൽ പ്രാദേശിക സമയം 5.45ന് എത്തിച്ചേരും.
കുവൈത്തിൽ നിന്ന് വൈകീട്ട് 6.45ന് പുറപ്പെടുന്ന വിമാനം പിറ്റേദിവസം പുലർച്ചെ 2.25ന് കണ്ണൂരിൽ എത്തും.
കോഴിക്കോട്
കോഴിക്കോടുനിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 9.15ന് പുറപ്പെടുന്ന വിമാനം 11.55ന് കുവൈത്തിൽ എത്തും. തിരിച്ച് ഇതേ ദിവസങ്ങളിൽ 12.55ന് കുവൈത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.25ന് കോഴിക്കോട് എത്തും.
കോഴിക്കോട് നിന്ന് തിങ്കൾ, വെള്ളി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 1.20ന് പുറപ്പെട്ട് 3.55ന് കുവൈത്തിൽ എത്തുന്ന മറ്റൊരു ഷെഡ്യൂളും വിൻറർ ഷെഡ്യൂളിൽ ഉണ്ട്.
കുവൈത്തിൽ നിന്ന് വൈകീട്ട് 4.55ന് പുറപ്പെട്ട് പുലർച്ചെ 12.40ന് കോഴിക്കോട് എത്തുന്ന തരത്തിലാണ് ഈ സർവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.