പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ
ചേർന്ന യോഗം
കുവൈത്ത് സിറ്റി: കുവൈത്ത്-ചൈന കരാറിന്റെ ഭാഗമായി രാജ്യത്ത് നടപ്പാക്കുന്ന വിവിധ വികസന, പരിസ്ഥിതി പദ്ധതികൾ വിലയിരുത്തി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്.
പരിസ്ഥിതി സംരക്ഷണം, വനവത്കരണം, മണൽ കൈയേറ്റം ചെറുക്കൽ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയ ചൈനീസ് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാനായ ഫാങ് ജിൻഷു, ഉന്നതതല സാങ്കേതിക പ്രതിനിധി സംഘം എന്നിവരുമായി പ്രധാനമന്ത്രി പ്രത്യേക യോഗം ചേർന്നു.
ചില പ്രദേശങ്ങളിൽ ഫീൽഡ് സന്ദർശനങ്ങൾ പൂർത്തിയാക്കിയ ചൈനീസ് പ്രതിനിധി സംഘം വിശദ റിപ്പോർട്ട് അവതരിപ്പിച്ചു. പദ്ധതികളുടെ പ്രധാന വിശദാംശങ്ങളും സംഘം അവതരിപ്പിച്ചു. മരുഭൂവത്കരണം തടയൽ, വനവത്കരണ പരിപാടികൾ എന്നിവയിൽ 85 വർഷത്തിലേറെ പരിചയമുള്ളതാണ് ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി.
യോഗത്തിൽ മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവന കാര്യ സഹമന്ത്രിയുമായ അബ്ദുല്ലത്തീഫ് ഹമദ് അൽ മഷാരി, ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ-നിക്ഷേപ സഹമന്ത്രിയുമായ നൂറ അൽ ഫസ്സാം, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. സുബൈഹ് അബ്ദുൽ അസീസ് അൽ മുഖൈസീം, പ്രധാനമന്ത്രിയുടെ ദിവാൻ ആക്ടിങ് മേധാവി ശൈഖ് ഖാലിദ് മുഹമ്മദ് അൽ ഖാലിദ് അസ്സബാഹ്, ഫത്വ, നിയമനിർമാണ വകുപ്പ് തലവൻ കൗൺസിലർ സലാഹ് അതീഖ് അൽ മജീദ്, ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി, മന്ത്രിതല സമിതി അംഗവും റിപ്പോർട്ടറുമായ അംബാസഡർ സമിഹ് ജവഹർ ഹയാത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.