ഷാഫി പറമ്പിൽ എം.പിക്ക് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി നിവേദനം കൈമാറുന്നു
കുവൈത്ത് സിറ്റി: മലബാർ മേഖലയിലെ പ്രവാസികൾ നേരിടുന്ന വിമാനയാത്രാ പ്രശ്നം ചൂണ്ടിക്കാട്ടി ഷാഫി പറമ്പിൽ എം.പിക്ക് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി നിവേദനം നൽകി.കുവൈത്തിൽ നിന്നും കോഴിക്കോട്, കണ്ണൂർ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാന സർവിസ് നിലച്ചിട്ട് മാസങ്ങളായി. എയർ ഇന്ത്യ എക്സ്പ്രസ് മാത്രമായിരുന്നു നേരിട്ട് സർവിസ് നടത്തിയിരുന്നത്.
മറ്റു വിമാന കമ്പനികൾ നേരിട്ട് സർവിസ് നടത്താത്തതിനാൽ ഈ സെക്ടറിൽ അമിതമായ ടിക്കറ്റ് ചാർജ് നൽകി യാത്ര ചെയ്യാൻ കുവൈത്തിലെ പ്രവാസികൾ നിർബന്ധിതരായിരിക്കുന്നു. നാലര മണിക്കൂർ യാത്രക്ക് പകരം നിലവിൽ പത്തും പന്ത്രണ്ടും മണിക്കൂർ യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്.
ഈ വിഷയത്തിൽ ഇടപെടലുകൾ ഉണ്ടാവണമെന്നും കുവൈത്തിലെ ബജറ്റ് എയർലൈൻസ് ആയ ജസീറ എയർവേയ്സ് പോലെയുള്ള വിമാന കമ്പനികൾക്ക് അനുമതി കൊടുക്കാൻ അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാനും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് സാമുവൽ ചാക്കോ, ജനറൽ സെക്രട്ടറി ബി.എസ്. പിള്ള, നാഷനൽ വൈസ് പ്രസിഡന്റ് മുഹമ്മദ് അലി, മലപ്പുറം ജില്ല പ്രസിഡന്റ് ഇസ്മായിൽ കൂനത്തിൽ, ജനറൽ സെക്രട്ടറി സഹദ് പുളിക്കൽ, ട്രഷറർ നൗഷാദ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റഫീഖ്, ജംഷീർ എന്നിവർ ചേർന്ന് നിവേദനം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.