അന്താരാഷ്ട്രവും പ്രാദേശികവുമായ ഒര​ു സംഘർഷത്തിലും കുവൈത്ത് പങ്കാളിയാകില്ല

കുവൈത്ത്‌ സിറ്റി: അന്താരാഷ്ട്രവും പ്രാദേശികവുമായ ഒരു സംഘർഷങ്ങളിലും പങ്കാളിയാകില്ലെന്ന് കുവൈത്ത്. ഐക്യരാഷ്ട്രസഭയുടെ മാനുഷിക, സാംസ്കാരിക, സാമൂഹിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജനറൽ അസംബ്ലിയുടെ മൂന്നാം സമിതിയിൽ, ഐക്യരാഷ്ട്രസഭയിലെ കുവൈത്തിന്റെ സ്ഥിരം ദൗത്യസംഘത്തിലെ സെക്കൻഡ് സെക്രട്ടറി വഫീഖ അൽ മുല്ല നടത്തിയ പ്രസംഗത്തിലാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

ഐക്യരാഷ്ട്രസഭാ തത്വങ്ങൾ, അയൽരാജ്യങ്ങളുമായുള്ള സൗഹൃദപരമായ സഹവർത്തിത്വം എന്നിവയുടെ ഭാഗമായി, ഏതെങ്കിലും രാജ്യത്തിനെതിരെ ആക്രമണം നടത്താൻ സ്വന്തം ഭൂപ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ല.

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് കുവൈത്ത് വിട്ടുനിൽക്കുകയും, അവയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കുകയും ചെയ്യുന്നു. രാജ്യങ്ങളുടെ പരമാധികാരത്തെയും അഖണ്ഡതയെയും മാനിച്ചുകൊണ്ട് മാത്രമേ മനുഷ്യാവകാശങ്ങൾ മെച്ചപ്പെടുത്താനും സംരക്ഷിക്കാനും സാധിക്കൂ എന്നും വഫീഖ അൽ മുല്ല കൂട്ടിച്ചേർത്തു.

ഫെബ്രുവരി 28 മുതൽ കുവൈത്തിനെതിരെ ഇറാൻ നടത്തിയ തുടർച്ചയായ ആക്രമണങ്ങൾ അൽ മുല്ല എടുത്തുപറഞ്ഞു. ഈ ആക്രമണങ്ങൾ പൗരന്മാരുടെയും താമസക്കാരുടെയും ജീവൻ അപകടത്തിലാക്കുകയും രാജ്യത്തിന്റെ പരമാധികാരം, പ്രാദേശിക അഖണ്ഡത, വ്യോമാതിർത്തി എന്നിവയെ പരസ്യമായി ലംഘിക്കുകയും ചെയ്തു.

ആക്രമണങ്ങളെ ന്യായീകരിക്കാനുള്ള ഇറാൻ ശ്രമങ്ങളെ കുവൈത്ത് പൂർണ്ണമായും തള്ളിക്കളയുന്നു. ആത്മരക്ഷാമാർഗ്ഗമെന്ന വാദം ഉന്നയിച്ചു സാധാരണക്കാരുടെ കേന്ദ്രങ്ങളെയും  അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നതിനെ ന്യായീകരിക്കാനാവില്ല. കുവൈത്തിനെതിരായ ആക്രമണങ്ങൾക്കും അവയുടെ പ്രത്യാഘാതങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഇറാൻ ഉത്തരവാദിയാണെന്നും വഫീഖ അൽ മുല്ല വ്യക്തമാക്കി.

Tags:    
News Summary - Kuwait will not be a party to any international or regional conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.