കുവൈത്ത് സിറ്റി: മഴ വാർത്തകൾ കേൾക്കുമ്പോൾ ഇപ്പോൾ പേടിയാണ്. കുത്തിയൊലിച്ചുപോയ വീടും വസ്തുക്കളും ചളിയിൽ ആണ്ടുപോയ മനുഷ്യരും പേടിപ്പെടുത്തുന്ന കാഴ്ചയായി അപ്പോൾ മുന്നിലെത്തും.വയനാട് ഉരുൾ ദുരന്തത്തിന് ഒരു വർഷം പൂർത്തിയാകുമ്പോഴും കുവൈത്ത് പ്രവാസിയായ സാഹിർ മുണ്ടക്കൈ നഷ്ടങ്ങളുടെ വേദനയിൽനിന്ന് മുക്തമായിട്ടില്ല. ചുറ്റും കണ്ട കാഴ്ചകൾ, നിലവിളികൾ, നഷ്ടങ്ങൾ, അവ സൃഷ്ടിച്ച ഞെട്ടൽ അത്ര പെട്ടെന്നൊന്നും മാഞ്ഞുപോകുന്നതുമല്ല
സാഹിർ മുണ്ടക്കൈ
സാഹിറിന്റെ കുടുംബത്തിലെ 16 പേരാണ് ഉരുൾദുരന്തത്തിൽ നഷ്ടപ്പെട്ടത്. പകലും വൈകുന്നേരങ്ങളിലും ഒരുമിച്ചിരുന്നു പതിവുപോലൊരു രാത്രി ഉറങ്ങാൻ കിടന്നവർ പുലർച്ചെ മലവെള്ളത്തിൽ അപ്രത്യക്ഷമായതിന്റെ ഞെട്ടലും വേദനയും എത്രകാലം കഴിഞ്ഞാലാണ് മായ്ക്കാനാകുക. ദുരന്തത്തിന് എതാനും ആഴ്ചകൾക്കു മുമ്പാണ് സാഹിർ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കുവൈത്തിൽ നാട്ടിലെത്തിയത്. ഉറ്റബന്ധുക്കളുമായും അയൽക്കാരുമായുമുള്ള അവസാന കണ്ടുമുട്ടലുകളുടെ ദിനങ്ങളാകും അതെന്ന് സാഹിർ കരുതിയിരുന്നില്ല. സാഹിറിന്റെ മാതാവ്, സഹോദരി, അനുജന്റെ ഭാര്യ, ഇവരുടെ രണ്ടു കുട്ടികൾ, ഭാര്യാമാതാവും പിതാവും ഇവരുടെ മകന്റെ ഭാര്യയും മൂന്നു കുട്ടികളും, ഭാര്യ സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയും മൂന്നു കുട്ടികളും എന്നിങ്ങനെ 16 ജീവനുകളെയാണ് മഴയെടുത്തത്. സാഹിറിന്റെ തറവാട്, ഭാര്യവീട്, അളിയന്റെ വീട് എന്നിവയുടെ അടിത്തറയിളക്കിയാണ് ഉരുൾ കടന്നുപോയത്.
നിലക്കാത്ത മഴപെയ്ത ദുരന്തരാത്രി സാഹിറിന്റെ ഭാര്യ സഹോദരനും ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന അഞ്ചുപേർ തൊട്ടടുത്ത ഭാര്യവീട്ടിൽ അഭയം തേടിയിരുന്നു. എന്നാൽ കുതിച്ചെത്തിയ വെള്ളം അവിടെയുള്ള ആറു പേർക്കൊപ്പം വന്നെത്തിയ അഞ്ചുപേരെയും കവർന്നു.രണ്ടു വീടുകളും തകർത്തു പാഞ്ഞ വെള്ളം തൊട്ടടുത്തുള്ള സാഹിറിന്റെ തറവാടുവീടും തച്ചുടച്ചാണ് താഴേക്ക് കുതിച്ചത്. തറവാട്ടിൽ കഴിഞ്ഞിരുന്ന രണ്ടു കുട്ടികളും അടക്കം അഞ്ചുപേരെയും നഷ്ടപ്പെട്ടു. ഇതിൽ ഒമ്പതുപേരുടെ മൃതദേഹങ്ങൾ മാത്രമാണ് ആദ്യ ദിനങ്ങളിൽ കണ്ടെടുക്കാനായത്.
രണ്ടുമാസം ഡി.എൻ.എ പരിശോധനയിലൂടെയാണ് ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞത്. പുത്തുമല പൊതുശ്മശാനത്തിൽ 10 പേരെ ഖബറടക്കി. മേപ്പാടിയും പിണങ്ങോടുമായി ബാക്കിയുള്ളവരെയും. മുതിർന്നവരും കുട്ടികളുമായി അടുത്തടുത്ത് കഴിഞ്ഞിരുന്ന വലിയൊരു കുടുംബത്തിൽ സാഹിറിന് ഇപ്പോൾ ഭാര്യയും മക്കളും അനുജനുംപ മാത്രമാണ് കൂട്ട്. ദീർഘനാൾ ക്യാമ്പിൽ കഴിഞ്ഞു. പിന്നീട് കുടുംബത്തെ വാടക വീട്ടിലാക്കി സാഹിർ കുവൈത്തിലേക്ക് തിരികെപ്പോന്നു. രണ്ടു നാൾ കഴിഞ്ഞാൽ ദുരന്തത്തിന് ഒരു വർഷം തികയും. ദുരന്ത ഇരകൾ അപ്പോഴും പലയിടങ്ങളിലായി വീടും തൊഴിലും ഇല്ലാതെ അലയേണ്ടിവരുന്നുവെന്ന സങ്കടം മറ്റൊരു നോവായും ബാക്കിയാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.