കുട്ടിക്കാലത്ത് ഓണാംഘോഷം പത്തുദിവസത്തെ സ്‌കൂൾ അവധിയും കളിയുമാണ്. കോഴിക്കോട് ചാലിയത്തെ ജനിച്ചു വളർന്ന തറവാടിന് സമീപമുള്ള ഒഴിക്കില്ലാത്ത ചുറ്റും ചളിയുള്ള ചെറിയ തോട്ടിൽ അനിയൻ പ്രദീപിനും മറ്റു സുഹൃത്തുക്കളോടൊപ്പവും ചൂണ്ടയിടലാണ് പ്രധാന അവധി വിനോദം. ദിവസ കൂലിക്ക് ജോലി ചെയ്തിരുന്ന അച്ഛൻ ഉച്ചക്ക് ഉണ്ണാൻ വരുന്നതിന് മുൻപ് വീട്ടിൽ എത്തിയില്ലെങ്കിൽ ചീത്തകേൾക്കേണ്ടി വരും. ഉച്ച ബാങ്ക് വിളികേട്ടാൽ എല്ലാം നിർത്തിവെച്ച് വീട്ടിലേക്ക് ഒരോട്ടമാണ്.
ഇതിനിടയിൽ പൂവിടാനുള്ള ഒരുക്കങ്ങളും ഞങ്ങൾ കുട്ടികൾ ഏറ്റെടുക്കും. അത്തത്തിന് തലേ ദിവസമാണ് പൂത്തറ ഒരുക്കുക. വീടിനടുത്തുള്ള ഇൻഡ്യനാർ കുന്നിന് താഴെനിന്ന് മണ്ണ് ശേഖരിച്ച് കൊണ്ടുവരും. പൂത്തറ ഉണ്ടാക്കി കഴിഞ്ഞാൽ ചേമ്പിന്റെ ഇല വെട്ടി കൊണ്ടുവന്ന് മഴ നനയാതിരിക്കാൻ മൂടിവെക്കും.
ഉച്ചക്ക് ശേഷമാണ് സുഹൃത്തുക്കൾക്കൊപ്പം പൂവ് പറിക്കാനുള്ള യാത്ര. അച്ഛന്റെ സഹോദരി ഉണ്ടാക്കി തന്നിരുന്ന വട്ടിയുമായി ചാലിയം ജുമാ മസ്ജിദ് ഖബറിസ്ഥാനിന് ചുറ്റുമുള്ള അരിപ്പൂവും ചാലിയം ഫോറസ്റ്റ് ഡിപ്പോക്ക് സമീപം ലഭിക്കുന്ന തുമ്പപ്പൂവുമാണ് പ്രധാനം. പറിച്ചെടുത്ത പൂവെല്ലാം വീട്ടിലെ വലിയ ചെടികളുടെ ശിഖരത്തിൽ കെട്ടി തൂക്കിയിടും.
രാവിലെ സഹോദരൻ പ്രദീപും ചിലപ്പോൾ ഇളയ സഹോദരി പുഷ്പയുമൊന്നിച്ച് വീടിനടുത്തെ ഇടവഴിയിൽ സമൃദ്ധമായി ലഭിക്കുന്ന മുക്കുറ്റി പൂവ് കൂടി പറിക്കും. അമ്മ തന്ന് വിടുന്ന പായസം അയൽ പക്കത്തെ പാത്തെയ് ഉമ്മ, കൈസാ കുട്ടി ഉമ്മ, പാത്തുമ്മ,ആയിഷ ഉമ്മ തുടങ്ങിയവരുടെ വീടുകൾ എത്തിക്കുന്നതാണ് എന്റെ മറ്റൊരു ജോലി.
തിരുവോണം കഴിഞ്ഞ് പതിനൊന്ന് - പന്ത്രണ്ട് ദിവസത്തിന് ശേഷം എന്റെ നക്ഷത്രം കൂടിയ മകം നാൾ വരുന്നതുവരെ പൂത്തറ ദിവസവും വൃത്തിയാക്കി തൃത്തയുടെ ഇല ദിവസവും രാവിലെ അമ്മ ഇടാറുണ്ട്. മകം നാളിൽ രാത്രി ശർക്കയും അവിലും ചേർത്ത് പ്രാർഥനക്ക് ശേഷം പൂത്തറ പൊളിച്ച് മാറ്റുന്നതോടുകൂടി ഓണാഘോഷത്തിന് വിരാമമാകും.
അച്ഛനും അമ്മയും രണ്ട് സഹോദരന്മാരും മൂന്ന് സഹോദരിമാരും ഒന്നിച്ചിരുന്ന് ഓണസദ്യ കഴിച്ചിരുന്നതൊക്കെ ഓർക്കുമ്പോൾ ഇപ്പോൾ കണ്ണിൽ ഈറൻ അണിയുന്നു. കാലം സൃഷ്ടിച്ച നഷ്ടങ്ങളിൽ ചിലത്!
15 വർഷം മുൻപ് കുവൈത്തിലെ സ്‌പോൺസറുടെ ചികിത്സക്കായി രണ്ടാക്ക് തിരുവനന്തപുരത്തേക്ക് കൂടെ പോയതും ഒരു ഓണക്കാലത്തായിരുന്നു. ഇലയിലെ ഓണ സദ്യയും കേരള കലാ രൂപങ്ങളും അദ്ദേഹത്തിന് പരിചയപ്പെടുത്താൻ കഴിഞ്ഞു. തിരുവന്തപുരത്തെ മ്യൂസിയം ജങ്ക്ഷനിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽ കുടുംബത്തോടപ്പം പങ്കെടുക്കാൻ കഴിഞ്ഞത് നല്ലൊരു ഓർമയായി മനസ്സിൽ നിറയുന്നു.
ജീവിതത്തിന്റെ വലിയ കാലം കഴിഞ്ഞ പ്രവാസ ലോകത്തെ ഓണം മറ്റൊരു അനുഭൂതിയാണ്. വിവിധ കൂട്ടായ്മകൾ ക്രിസ്തുമസ് വരെ തുടരുന്ന ഓണാഘോഷങ്ങൾ ജാതി-മത- വർഗ-രാഷ്ട്രീയ ചിന്തകൾക്കതീതമായി സാഹോദര്യം കാത്തു സൂക്ഷിക്കാനും ഒത്തുചേരലിനുമുള്ള അവസരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.