കുവൈത്ത് സിറ്റി: ‘കുവൈത്ത് ബൈ യുവർ സൈഡ്’ കാമ്പനിന് കീഴിൽ കുവൈത്ത് സംഘടനകൾ ചാരിറ്റി പ്രവർത്തനങ്ങൾ തുടരുന്നു. സാൻസിബാർ, യമൻ, ഗാസ, ചാഡ്, ഫലസ്തീൻ, ഇന്ത്യ, ആഫ്രിക്ക എന്നിവിയിലുടനീളം വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, ദുരിതാശ്വാസം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പിലാക്കിവരികയാണെന്ന് സംഘടനകൾ അറിയിച്ചു.
ടാൻസാനിയയിലെ സാൻസിബാറിൽ സോഷ്യൽ റിഫോം സൊസൈറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 'നമാ ചാരിറ്റി' എഡ്യൂക്കേഷണൽ കോംപ്ലക്സ്, അനാഥാലയങ്ങൾ, സ്കൂൾ, ഖുർആൻ പഠനകേന്ദ്രം, ഭക്ഷ്യവിതരണം എന്നിവയുൾപ്പെടെയുള്ള വിദ്യാഭ്യാസ-ജീവകാരുണ്യ പദ്ധതികൾ നടത്തിവരുന്നു. യമനിൽ, സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമുള്ള ക്ലിനിക്കുകൾ, അത്യാഹിത വിഭാഗം, ഫാർമസി, ലബോറട്ടറി, റിസപ്ഷൻ ഏരിയ എന്നിവ ഉൾപ്പെടുന്ന 205 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ആരോഗ്യ കേന്ദ്രവും നമാ ചാരിറ്റി തുറന്നു.
മതിയായ ആരോഗ്യസേവനങ്ങൾ ലഭ്യമല്ലാത്ത ഈ പ്രദേശത്ത് പ്രതിവർഷം ഏകദേശം 4,000 പേർക്ക് സേവനം നൽകാൻ ഇതിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഗസ്സയിൽ വടക്കൻ മേഖലയിലെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി തുടരുന്നു. ചാഡിൽ, ഒരു പള്ളിയും ഖുർആൻ മന:പാഠമാക്കാനുള്ള സൗകര്യവും ഉൾപ്പെടുന്ന സെന്റർ പൂർത്തിയാക്കുകയും ഖുർആൻ പ്രതികൾ വിതരണം ചെയ്യുകയും ചെയ്തു.
ഫലസ്തീനിലെ വിധവകളെയും ദുർബല വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളെയും സഹായിക്കുന്നതിനും, ആഫ്രിക്കയിൽ കുടിവെള്ളം എത്തിക്കുന്നതിനും, ഇന്ത്യയിൽ കിണറുകൾ കുഴിക്കുന്നതിനും, ഖുർആൻ പഠന പരിപാടികൾ നടത്തുന്നതിനും 'ഖുർആനിക് മിനാരറ്റ്സ് അസോസിയേഷൻ' പ്രവർത്തിച്ചുവരുന്നു. ഫലസ്തീനിൽ വിധവകൾക്കുള്ള സഹായവും ദുർബല വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യുന്നതും ഉൾപ്പെടുന്നു. ആഫ്രിക്കയിലുടനീളം 60,000 ലിറ്റർ വെള്ളം വിതരണം ചെയ്യുകയും ഇന്ത്യയിൽ 30 കിണറുകൾ കുഴിച്ചതായും സംഘടന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.