എണ്ണവില വർധന: രണ്ടു മാസംകൊണ്ട് ബജറ്റ് കമ്മി 94 ശതമാനം കുറഞ്ഞു

കുവൈത്ത് സിറ്റി: എണ്ണ വില വർധനയെ തുടർന്ന് രാജ്യത്തിന്റെ ബജറ്റ് കമ്മി രണ്ടു മാസംകൊണ്ട് 94 ശതമാനം കുറഞ്ഞു. ബജറ്റ് അനുസരിച്ച് ഏപ്രിൽ, മേയ് മാസത്തിൽ 2.78 ബില്യൻ ഡോളറാണ് എണ്ണ വരുമാനം പ്രതീക്ഷിച്ചത്.

എന്നാൽ, 5.7 ബില്യൻ ഡോളർ ലഭിച്ചു. ബാരലിന് 65 ഡോളർ വില കണക്കാക്കിയാണ് ബജറ്റ് തയാറാക്കിയത്. എന്നാൽ, 110 ഡോളറിന് മുകളിൽ വില ലഭിച്ചു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ കുവൈത്ത് എണ്ണയുടെ ശരാശരി വില ബാരലിന് ഏകദേശം 112.162 ഡോളറായിരുന്നു. ശരാശരി 1.39 ബില്യൻ ഡോളറാണ് പ്രതിമാസം പ്രതീക്ഷിക്കുന്ന എണ്ണ വരുമാനം. എന്നാൽ, 2.7 ബില്യൻ ഡോളർ ലഭിച്ചു.

ഇപ്പോഴത്തെ വിലക്കയറ്റം റഷ്യ, യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിലുള്ളതാണെന്നും ഇത് സ്ഥിരമായി നിൽക്കില്ലെന്നുമാണ് അധികൃതരുടെ വിലയിരുത്തൽ. ഒരു ദിവസം പത്ത് ഡോളറിലേറെ വർധിക്കുകയും പിറ്റേദിവസം ആറ് ഡോളറിലേറെ കുറയുകയും ചെയ്യുന്ന വിധം വലിയ ചാഞ്ചാട്ടമാണ് ഇപ്പോൾ കാണുന്നത്.

എണ്ണവില മുഖ്യ വരുമാനമായി കാണുന്ന കുവൈത്ത് അടക്കമുള്ള രാജ്യങ്ങൾക്ക് കോവിഡ് പ്രതിസന്ധിയെ തുടർന്ന് വില കുത്തനെ ഇടിഞ്ഞത് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

അടുത്ത മാസം മുതൽ പെട്രോളിയം ഉൽപാദനവും വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതും വരുമാനത്തിൽ വർധനയുണ്ടാക്കും. ബജറ്റ് കമ്മിയും ലിക്വിഡിറ്റി ക്ഷാമവും പരിഹരിക്കാൻ വിവിധ മന്ത്രാലയങ്ങൾ ചെലവ് ചുരുക്കൽ നടപടികൾ പിന്തുടരുന്നു.

പ്രിന്റിങ്, സെക്യൂരിറ്റി, ശുചീകരണ സേവനങ്ങൾ, യാത്രകൾ, ഹോട്ടൽ, ഡേറ്റ എൻട്രി സർവിസ്, പ്രസിദ്ധീകരണങ്ങൾ, ഹോസ്പിറ്റാലിറ്റി, പാർട്ടികൾ, പരസ്യം, സമ്മാനം തുടങ്ങിയ ഇനങ്ങളിലെ അനാവശ്യ ചെലവ് ഒഴിവാക്കാൻ ധനമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. തൽക്കാലം വരുമാനം വർധിച്ചിട്ടുണ്ടെങ്കിലും ചെലവുചുരുക്കൽ നടപടികളിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ധനമന്ത്രാലയം വിവിധ വകുപ്പുകൾക്ക് നൽകിയ നിർദേശം.

Tags:    
News Summary - Oil prices rise: Budget deficit reduced by 94% in two months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.