ഇറാഖ് അധിനിവേശകാലത്ത് കാണാതായ 18 കുവൈത്തികളുടെയും ഒരു ബിദൂനിയുടെയും മൃതദേഹാവശിഷ്ടം സംസ്കരിക്കുന്നതിന് മുന്നോടിയായി നടന്ന മയ്യിത്ത് നമസ്കാരം
കുവൈത്ത് സിറ്റി: ഇറാഖ് അധിനിവേശകാലത്ത് കാണാതായ 18 കുവൈത്തികളുടെയും ഒരു ബിദൂനിയുടെയും മൃതദേഹാവശിഷ്ടം സുലൈബീകാത്ത് ഖബർസ്ഥാനിൽ സംസ്കരിച്ചു. ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് താമിർ അൽ അലി സബാഹ് അൽ സാലിം അസ്സബാഹ്, വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫ്, എണ്ണ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അൽ ഫാരിസ്, സൈനിക മേധാവി ലെഫ്റ്റനൻറ് ജനറൽ ഖാലിദ് സാലിഹ് അസ്സബാഹ്, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് ഫൈസൽ നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, നാഷനൽ ഗാർഡ് അണ്ടർ സെക്രട്ടറി ഹാഷിം അൽ രിഫാഇ, വ്യോമയാന വകുപ്പ് മേധാവി ശൈഖ് അബ്ദുല്ല അലി അൽ സാലിം അസ്സബാഹ്, മരിച്ചവരുടെ കുടുംബങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
ബദർ മുബാറക് അൽ ബുറൈസി, ബദർ മിത്അബ് അൽ മുതൈരി, ഹുസൈൻ അൽ ഷിമ്മാരി, ഖാലിദ് അൽ ദുറൈജി, സഅദ് മൻസൂർ അൽ അജ്മി, സൗദ് നായിഫ് അൽ ദൈഹാനി, സഇൗദ് അവാദ് അൽ റാഷിദി, സലാഹ് ഹുസൈൻ അൽ ഇനീസി, ഫാരിസ് അബ്ദുറഹ്മാൻ അൽ മുതൈരി, ഫാരിസ് മുഹമ്മദ് അൽ ഇനീസി, ഫവാസ് ബുതൈഹാൻ അൽ മുതൈരി, മുഹമ്മദ് ഹമൂദ് അൽ ഹുല, മുഹമ്മദ് അബ്ദുല്ലത്തീഫ് അൽ ഖറാസ്, മിഖ്ലിദ് ജുബൈറാൻ അൽ ദൈഹാനി, മൂസ സത്താർ അൽ ഇനീസി, നായിഖ് ഖലഫ് അൽ ഇനീസി, നായിഫ് അവാദ് അൽ റാഷിദി, നായിഫ് മിഹ്മിൽ അൽ മുതൈരി, വലീദ് മിഖ്ലിദ് അൽ ബുറൈസി എന്നിവരുടെ മൃതദേഹാവിശിഷ്ടങ്ങളാണ് ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. അധിനിവേശകാലത്തു കുവൈത്തിൽനിന്ന് യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവരെ കൊലപ്പെടുത്തി മരുഭൂമിയിൽ അടക്കം ചെയ്തതാകാമെന്നാണ് നിഗമനം.
1990ലെ ഇറാഖ് അധിനിവേശ കാലത്ത് 600ലേറെ പേരെയാണ് കുവൈത്തിൽനിന്നും കാണാതായത്. അന്താരാഷ്ട്ര റെഡ്ക്രോസ് സംഘം ഇറാഖിൽ നടത്തിയ പര്യവേക്ഷണത്തിലാണ് കുവൈത്ത് യുദ്ധത്തടവുകാരുടേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.