കുവൈത്ത് സിറ്റി: കുവൈത്തിൽ കാറ്ററിങ് കരാറുകളുടെ പേരിൽ കോടികൾ തട്ടിയ കേസിൽ പ്രതികളെ പിടികൂടാൻ ഏതറ്റം വരെയും പോകുമെന്ന് കുവൈത്തി സ്പോൺസർ. നിയമനടപടികൾ ആരംഭിച്ചതായും ഏത് രാജ്യത്ത് ഒളിച്ചാലും ഇന്റർപോളിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുമെന്നും കമ്പനി സ്പോൺസറായ ബൈഷാൻ ഗാസി നവാർ അൽ ഉതൈബി പറഞ്ഞു. ഇദ്ദേഹത്തിന്റെ സ്പോൺസർഷിപ്പിലാണ് വകദ് ഇന്റർനാഷനൽ എന്ന പേരിൽ മൂന്നു മലയാളികൾ ഉൾപ്പെട്ട നാലംഗ സംഘം കമ്പനി തുടങ്ങിയത്.
കമ്പനിയുടെ പേരിൽ വൻ തുകയുടെ നിരവധി ചെക്കുകൾ ഒപ്പിട്ട് നൽകിയതിനാൽ സ്പോൺസറും കുരുക്കിലാണ്. താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. രണ്ടര മാസം മുമ്പ് കുവൈത്തിൽ മികച്ച നിലയിൽ ഓഫിസും സംവിധാനങ്ങളും തുറന്ന് അതിവിദഗ്ധമായാണ് സംഘം തട്ടിപ്പ് നടത്തിയത്. മുത്ലയിലെ ഭവന പദ്ധതിയിലും തുറമുഖത്തിലുമായി തൊഴിലാളികൾക്ക് ദിവസം ഭക്ഷണം നൽകാനുള്ള വലിയ കരാർ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും ഇത് സബ് കോൺട്രാക്ട് നൽകാൻ താൽപര്യമുണ്ടെന്നും പറഞ്ഞാണ് മലയാളികളുടേത് ഉൾപ്പെടെ പ്രമുഖ റസ്റ്റാറന്റുകളെ സമീപിച്ചത്.
ദിവസങ്ങളെടുത്ത് സൗഹൃദം സ്ഥാപിച്ചാണ് ഇവരെ വലയിലാക്കിയത്. ദിവസവും ആയിരം പേർക്ക് ഭക്ഷണം വേണമെന്ന് പറഞ്ഞതിനാൽ കിച്ചൻ നവീകരിച്ചും പുതിയ റിക്രൂട്ട്മെന്റ് നടത്തിയും റസ്റ്റാറന്റുകൾ വലിയ തയാറെടുപ്പ് നടത്തി. പലരിൽനിന്നും ക്വട്ടേഷൻ വാങ്ങിയ സംഘം വക്കീലിന്റെ സാന്നിധ്യത്തിൽ കരാർ ഒപ്പിട്ടും കമ്പനിയുടെ പേരിൽ അഡ്വാൻസ് ചെക്ക് ഒപ്പിട്ട് നൽകിയും സംശയത്തിന് ഇടനൽകാതെയാണ് പദ്ധതി മുന്നോട്ടുനീക്കിയത്. സാൽമിയയിലെ കമ്പനി ഓഫിസും ഗംഭീരമായി സജ്ജീകരിച്ചിരുന്നു. ഇവിടെ വെച്ചാണ് പല കൂടിക്കാഴ്ചകളും നടത്തിയത്.
റസ്റ്റാറന്റുകളിൽനിന്ന് കമീഷൻ ഇനത്തിൽ വൻ തുക വാങ്ങിയ സംഘം ഫെബ്രുവരി രണ്ടിന് കമ്പനി പൂട്ടി മുങ്ങുകയായിരുന്നു. യഥാർഥത്തിൽ ഇത്തരത്തിലൊരു കാറ്ററിങ് കരാറും ഇവർക്ക് ലഭിച്ചിട്ടില്ല എന്നാണറിയുന്നത്. വർഷത്തിൽ ഏഴുലക്ഷം ദീനാറിലധികം വരുന്ന തുകക്കുള്ള കരാർ പ്രതീക്ഷിച്ച് പല റസ്റ്റാറന്റ് ഉടമകളും കമീഷൻ നൽകാൻ തയാറായി. 3000 ദീനാർ മുതൽ 20,000 ദീനാർ വരെ നൽകിയവരുണ്ട്.
ഉടമകൾ മുങ്ങിയതോടെ കമ്പനി ജീവനക്കാരും പ്രതിസന്ധിയിലായി. ഇവർക്ക് രണ്ടുമാസമായി ശമ്പളം നൽകിയിട്ടില്ല. ജീവനക്കാർക്ക് ഭക്ഷണം നൽകിയ വകയിൽ പണം ലഭിക്കാനുള്ളവരുണ്ട്. ഫെബ്രുവരി അഞ്ച് ബുധനാഴ്ച മുതൽ ഫുഡ് കാറ്ററിങ് തുടങ്ങണമെന്നായിരുന്നു പറഞ്ഞിരുന്നത്. ഫെബ്രുവരി രണ്ട് തീയതിയിട്ട് നൽകിയ ചെക്ക് മാറാൻ ബാങ്കിൽ എത്തിയപ്പോഴാണ് റസ്റ്റാറന്റ് ഉടമകൾ വഞ്ചിക്കപ്പെട്ടത് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.