നിസാർ പഴ്സ് തിരിച്ചെത്തിച്ച കുവൈത്തിക്കൊപ്പം
കുവൈത്ത് സിറ്റി: മലയാളി പ്രവാസിയുടെ നഷ്ടപ്പെട്ട രേഖകൾ തിരിച്ചെത്തിച്ച് കുവൈത്തി. മേപ്പയൂർ സ്വദേശി നിസാറിന്റെ നഷ്ടപ്പെട്ടുപോയ പണവും വിവിധ രേഖകളുമാണ് ദിവസങ്ങൾക്കുശേഷം കുവൈത്തി പൗരൻ നേരിട്ടെത്തി കൈമാറിയത്. ചൊവ്വാഴ്ച രാത്രിയാണ് ഡെലിവറി കമ്പനി ജീവനക്കാരനായ നിസാറിന്റെ സിവിൽ ഐഡി, എ.ടി.എം കാർഡ്, നാട്ടിലെ ലൈസൻസ് എന്നിവയും പണവും അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടത്.
എകൈല മാളിന് സമീപത്തുനിന്ന് പോക്കറ്റിൽ നിന്ന് വീണുപോയതെന്നാണ് സംശയം. തുടർന്ന് പരാതിയുമായി നിസാർ പൊലീസ് സ്റ്റേഷനിൽ എത്തുകയും പഴ്സ് കിട്ടുന്നവർ തിരികെ നൽകണമെന്ന് ‘ഗൾഫ് മാധ്യമ’ത്തിൽ അടക്കം വാർത്ത നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഞായറാഴ്ച വൈകീട്ട് വരെ ഒരു വിവരവും ലഭിച്ചില്ല. പ്രതീക്ഷ നഷ്ടപ്പെട്ട നിസാർ രേഖകളുടെ ഡ്യൂപ്ലിക്കേറ്റിനുള്ള ശ്രമം നടത്താമെന്ന ചിന്തിയിലുമായിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച രാത്രി കുവൈത്തി ഫോണിൽ വിളിച്ചതും പഴ്സ് തന്റെ കൈവശമുണ്ടെന്ന് അറിയിച്ചതും. മാളിന് സമീപത്തുനിന്ന് പഴ്സ് ഇദ്ദേഹത്തിന് വീണുകിട്ടുകയായിരുന്നു. സിവിൽ ഐഡി കണ്ട് നിസാർ ജോലിചെയ്യുന്ന കമ്പനി അധികൃതരുമായി ബന്ധപ്പെട്ട കുവൈത്തി ശേഷം നേരിട്ട് വിളിക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ച നിസാർ താമസിക്കുന്ന മെഹബൂല ബ്ലോക്ക് രണ്ടിൽ നേരിട്ടെത്തി പഴ്സ് കൈമാറുകയും ചെയ്തു. അജ്ഞാതനായ സുഹൃത്തിന്റെ സ്നേഹത്തിന് നന്ദി പറയുകയാണ് നിസാറിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.