സിറിയയിൽ ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രവേശനം; കുവൈത്ത് അപലപിച്ചു
കുവൈത്ത് സിറ്റി: സിറിയൻ പ്രദേശങ്ങളിലേക്കുള്ള ഇസ്രായേൽ പ്രധാനമന്ത്രിയുടെ 'നിയമവിരുദ്ധമായ' പ്രവേശനത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. സിറിയയുടെ പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും നഗ്നമായ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ് ഇത്.
സിറിയൻ പ്രദേശങ്ങൾക്കുള്ളിൽ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ നുഴഞ്ഞുകയറ്റങ്ങളും ആക്രമണങ്ങളും പ്രാദേശിക സുരക്ഷയും സ്ഥിരതയും ദുർബലപ്പെടുത്തുന്നതാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സിറിയയുടെ സ്വാതന്ത്ര്യത്തിനും സ്വന്തം പ്രദേശങ്ങളിന്മേലുള്ള പരമാധികാരത്തിനും കുവൈത്ത് പൂർണ്ണ പിന്തുണ ആവർത്തിച്ചു. ആക്രമണങ്ങൾ തടയുന്നതിനും, 1974-ലെ സൈനിക പിന്മാറ്റ കരാർ മാനിക്കുന്നത് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പ്രമേയങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനും, ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി ഇടപെടേണ്ടത് അത്യന്താപേക്ഷിതമാണെന്നും കുവൈത്ത് ഉണർത്തി.
സിറിയയിലെ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച അജണ്ടയിലെ വിഷയം പരിഗണിക്കുന്നത് അവസാനിപ്പിക്കാൻ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (ഐ.എ.ഇ.എ) ബോർഡ് ഓഫ് ഗവർണേഴ്സ് എടുത്ത തീരുമാനത്തെയും കുവൈത്ത് സ്വാഗതം ചെയ്തു.
ഈ പ്രമേയം സമവായത്തിലൂടെ അംഗീകരിച്ചത് അന്താരാഷ്ട്ര വിശ്വാസം വർധിപ്പിക്കുന്നതിനും, അന്താരാഷ്ട്ര സ്ഥാപനങ്ങളുമായുള്ള സഹകരണം വിപുലീകരിക്കാനുള്ള സിറിയയുടെ ശ്രമങ്ങളെ പിന്തുണക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
പ്രമേയം അംഗീകരിക്കുന്നതിലേക്ക് നയിച്ച അറബ് ശ്രമങ്ങളെയും കുവൈത്ത് പ്രശംസിച്ചു. സിറിയയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന രീതിയിൽ, രാജ്യത്തിന്റെ മുഴുവൻ പ്രദേശങ്ങളുടെയും നിയന്ത്രണം വീണ്ടെടുക്കുന്നതിനും പുനർനിർമ്മാണത്തിനുമുള്ള ശ്രമങ്ങളിൽ കുവൈത്തിന്റെ പിന്തുണയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.